ഈ ഓണക്കാലത്ത് ലോകമെങ്ങുമുളള മലയാളികള്‍ക്കും കേരളത്തെ ഇഷ്ടപ്പെടുന്നവര്‍ക്കുമായി കേരള ടൂറിസം സവിശേഷമായൊരു മത്സരം നടത്തുകയാണ്. ഓരോരുത്തര്‍ക്കും തങ്ങളുടെ വീടുകളിലിരുന്നു തന്നെ പങ്കെടുക്കാവുന്ന, ഓണത്തിന്റെ അവിഭാജ്യ ഘടകമായ അത്തപ്പൂക്കള മത്സരം.
മത്സരത്തിന് പ്രായപരിധിയോ എന്‍ട്രി ഫീസോ ഇല്ല. പങ്കെടുക്കാനായി www.keralatourism.org/contest/pookkalam2021 എന്ന ലിങ്ക് സന്ദര്‍ശിച്ച് രജിസ്‌റ്റര്‍ ചെയ്യുക. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാവുമ്പോള്‍ നിങ്ങള്‍ക്കൊരു രജിസ്‌ട്രേഷന്‍ കോഡ് ഇമെയിലായി ലഭിക്കും. ഈ കോഡ് പൂക്കളത്തിനരികെ വായിക്കാന്‍ പറ്റുന്ന രീതിയില്‍ രേഖപ്പെടുത്തണം.
ഓണ്‍ലൈനായി സംഘടിപ്പിക്കുന്ന അത്തപ്പൂക്കള മത്സരം രണ്ടു വിഭാഗങ്ങളായാണ് നടത്തുന്നത്. കേരളത്തില്‍ താമസിക്കുന്നവര്‍ക്കും കേരളത്തിനു പുറത്തുളളവര്‍ക്കും. ഓരോന്നിലും വ്യക്തിഗത വിഭാഗവും ഗ്രൂപ്പു വിഭാഗവുമായാണ് മത്സരം.
രജിസ്‌ട്രേഷന്‍ കോഡ് കാണാവുന്ന രീതിയില്‍ പൂക്കളത്തിന്റെ ഫോട്ടോയും മത്സരാര്‍ഥികളുടെ (കുടുംബഫോട്ടോ അഭികാമ്യം) ഫോട്ടോയും ചേര്‍ന്നതാണ് ഒരു എന്‍ട്രി. രജിസ്‌ട്രേഷന്‍ കോഡ് ഇല്ലാത്ത എന്‍ട്രികള്‍ അസാധുവായി കണക്കാക്കും. ഫോട്ടോകള്‍ .jpg ഫോര്‍മാറ്റിലാണ് അയയ്‌ക്കേണ്ടത്. മിനിമം സൈസ് 1 MB യും പരമാവധി 5 MB യുമാണ്. ഇത്തരത്തില്‍ ഒരു വിഭാഗത്തില്‍ 5 എന്‍ട്രികള്‍ വരെ അയയ്‌ക്കാം. ഫോട്ടോകള്‍ക്കൊപ്പം ശീര്‍ഷകവും ചെറു വിവരണവും വേണം.
ഫോട്ടോകള്‍ അപ്‌ലോഡ് ചെയ്യാനുളള സമയം ഓഗസ്‌റ്റ് 13 മുതല്‍ 23 ഇന്ത്യന്‍ സമയം അര്‍ദ്ധരാത്രി 12 വരെയാണ്.