മൂന്ന് തരം ഭൂവിഭാഗങ്ങളാണ് കാസറഗോഡ് ജില്ലയ്‌ക്കുളളത്. തീരദേശം, ഇടനാടന്‍ ഭൂപ്രദേശം, കാടുള്‍പ്പെടുന്ന കിഴക്കന്‍ മലമ്പ്രദേശം. തീരദേശ സമതലഭൂമി നെല്‍കൃഷിയും തെങ്ങിന്‍ത്തോപ്പുകളും നിറഞ്ഞതാണ്. പശ്ചിമഘട്ടത്തിന്റെ ഭാഗമായ കിഴക്കന്‍ മലനിരകളുടെ മുകളറ്റം കാടും താഴോട്ട് റബര്‍ പോലുളള നാണ്യവിളകളുമാണ്. ഇതിനിടയിലെ ഇടനാടന്‍ ഭൂവിഭാഗം വിസ്‌തൃതമാണ്. കാര്‍ഷികവൃത്തിയാണ് ജില്ലയുടെ പ്രധാന വരുമാനമാര്‍ഗം. നെല്ല്, തെങ്ങ്, അടയ്‌ക്ക, കശുവണ്ടി, വാഴ, കുരുമുളക്, റബര്‍ എന്നിവയാണ് പ്രധാന വിളകള്‍. പുതിയ ഇനം തെങ്ങുകളും മറ്റു സസ്യങ്ങളും വികസിപ്പിച്ചെടുക്കുന്നതില്‍ കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രവും കൃഷി വിജ്ഞാന കേന്ദ്രവും വഹിക്കുന്ന പങ്ക് നിര്‍ണായകമാണ്.
അഞ്ച് മിനി ഇന്‍ഡസ്‌ട്രിയല്‍ എസ്‌റ്റേറ്റുകളാണ് കാസറഗോഡുളളത്. അതിലൊന്ന് പട്ടികജാതി, പട്ടികവര്‍ഗ വ്യവസായികള്‍ക്കുളളതാണ്. രണ്ട് മിനി ഇന്‍ഡസ്‌ട്രിയല്‍ എസ്‌റ്റേറ്റുകളുടെ ചുമതല സിഡ്‌കോ (കേരള സ്‌മോള്‍ ഇന്‍ഡസ്‌ട്രീസ് ഡവലപ്‌മെന്റ് കോര്‍പറേഷന്‍)ക്കാണ്. സീതങ്കോളിയില്‍ 24.2811 ഹെക്ടര്‍ വിസ്‌തൃതിയിലുളള ഒരു മെഗാ ഇന്‍ഡസ്‌ട്രിയല്‍ പാര്‍ക്ക് കിന്‍ഫ്ര(കേരള ഇന്‍ഡസ്‌ട്രിയല്‍ ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍)യുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കാസറഗോഡ് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട 4359 ഇന്‍ഡസ്‌ട്രിയല്‍ യൂണിറ്റുകളുണ്ട്. ഇവ 21,429 പേര്‍ക്ക് തൊഴില്‍ നല്‍കുന്നു. വ്യവസായമേഖലയിലെ മൊത്തം നിക്ഷേപം ഏകദേശം 632.26 കോടി രൂപയാണ്. ജില്ലയിലെ ചെറുകിട, സൂക്ഷ്‌മ, ഇടത്തരം വ്യവസായ യൂണിറ്റുകളില്‍ അധികവും വരുന്നത് കൃഷി-ഭക്ഷ്യവിഭവ മേഖല, റെഡിമെയ്‌ഡ് വസ്‌ത്രങ്ങള്‍, തടി/തടി ഫര്‍ണിച്ചര്‍, പേപ്പര്‍/പേപ്പര്‍ നിര്‍മ്മിത വസ്‌തുക്കള്‍, റബര്‍, പ്ലാസ്റ്റിക് & പെട്രോ ബേസ്‌ഡ്, മെറ്റല്‍ ബേസ്‌ഡ്, പൊതുമരാമത്ത് എന്നീ വിഭാഗങ്ങളിലാണ്.