രാത്രി എട്ടുമണിയോടെ നിശബ്ദമാവുന്ന കാസറഗോഡ്‌ നഗരത്തിലെ രാത്രികളെ സജീവമാക്കാനും വാണിജ്യപരമായി പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടുളള പദ്ധതിയാണ്‌ തെരുവോര ഭക്ഷണശാലകള്‍. വിനോദവും വാണിജ്യവും ടൂറിസവും കൈകോര്‍ത്തുകൊണ്ടുളള പദ്ധതിയാണിത്‌. നഗരത്തിലെ തെരഞ്ഞെടുത്ത സ്ഥലങ്ങളില്‍ കുടുംബങ്ങള്‍ക്ക്‌ ഷോപ്പിങ്ങിനും ഭക്ഷണം കഴിക്കാനും വിനോദപരിപാടികള്‍ ആസ്വദിക്കാനുമുളള സൗകര്യങ്ങള്‍ ഒരുക്കും. വെറും ഭക്ഷണശാലകള്‍ എന്നതിലുപരി ഓപ്പണ്‍ എയര്‍ തിയറ്റര്‍, ജലധാര, ഗെയിം സോണ്‍, ഫുഡ്‌ കോര്‍ട്ട്‌, കുട്ടികളുടെ പാര്‍ക്ക്‌ എന്നിവയെല്ലാം ഉള്‍ക്കൊളളുന്ന വിശാലമായ പദ്ധതിയാണിത്‌. ഇതോടൊപ്പം വിശ്രമമുറികള്‍, ശൗചാലയങ്ങള്‍, പാര്‍ക്കിങ്ങ്‌ സൗകര്യം, പൊലീസ്‌ എയ്‌ഡ്‌പോസ്‌റ്റ്‌, മാലിന്യ നിര്‍മാര്‍ജന യൂണിറ്റ്‌ എന്നിവയും ഉണ്ടാകും. കാസറഗോഡ്‌ നഗരത്തില്‍ ദേശീയപാത 66നു ഇരുവശത്തുമായി അനങ്ങൂരിലാണ്‌ പദ്ധതി നടപ്പിലാക്കുന്നത്‌. ഇവിടെ നിന്നും റെയില്‍വേ സ്റ്റേഷനിലേക്കും സിവില്‍ സ്റ്റേഷനിലേക്കും രണ്ടു കിലോമീറ്റര്‍ ദൂരമേയുളളു. 1.28 കോടി രൂപയാണ്‌ പദ്ധതിയുടെ ചെലവ്‌ പ്രതീക്ഷിക്കുന്നത്‌.