ബേക്കല്‍ കോട്ടയ്‌ക്കും തണല്‍ വിശ്രമ കേന്ദ്രത്തിനും ഇടയിലുളള സ്ഥലത്താണ് മഴവില്‍ വിനോദ മേഖല വിഭാവനം ചെയ്യുന്നത്. ബേക്കല്‍ കോട്ടയ്‌ക്കു ചുറ്റുമുളള സ്ഥലം മെച്ചപ്പെടുത്തി ഇവിടെ എത്തുന്ന സഞ്ചാരികളെ ആകര്‍ഷിക്കുന്ന തരത്തിലുളള വിനോദപരിപാടികള്‍ ആവിഷ്‌കരിക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. നിര്‍ദിഷ്ട സ്ഥലത്തിന്റെ തെക്കുവശം ബേക്കല്‍ കോട്ടയും പടിഞ്ഞാറ് അറബിക്കടലും വടക്ക് ബിആര്‍ഡിസിയുടെ തന്നെ തണല്‍ വിശ്രമകേന്ദ്രവും അതിനോടു ചേര്‍ന്ന് കിഴക്കുവശത്തെ റോഡ് വരെ വീണ്ടും കോട്ട മതിലുമാണ്.
ബേക്കല്‍ കോട്ടയെ തനിമ ചോരാതെ സംരക്ഷിക്കുന്നതിനൊപ്പം അതിന്റെ പാരമ്പര്യത്തെ ഉയര്‍ത്തിക്കാട്ടാനും അതുവഴി സഞ്ചാരികളെ ആകര്‍ഷിക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. മഴവില്ലിന്റെ നിറങ്ങളെ ആസ്‌പദമാക്കിയാണ് പദ്ധതി തയ്യാറാക്കിയിട്ടുളളത്. ആഴ്‌ച്ചയിലെ ഓരോ ദിവസവും കോട്ട ഓരോ നിറങ്ങളില്‍ ദീപാലങ്കൃതമായിരിക്കും. ഉദ്യാനം, നടപ്പാത, ഓപ്പണ്‍ എയര്‍ തിയറ്റര്‍, സ്‌നാക്ക് ബാര്‍, ദീപവിതാനം, മ്യൂസിക്കല്‍ ഫൗണ്ടനും ലേസര്‍ ഷോയും, ശിലാ - ശില്‌പോദ്യാനം, ഇരിപ്പിടങ്ങള്‍, ചെറിയൊരു ആര്‍ട്ട് ഗാലറി എന്നിവയടങ്ങുന്നതാണ് പദ്ധതി. 2.25 കോടി രൂപയാണ് പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് പ്രതീക്ഷിക്കുന്ന തുക.