ദൈര്‍ഘ്യമേറിയ കടല്‍ത്തീരം, മനോഹരമായ ഭൂപ്രകൃതി, ആരെയും ആകര്‍ഷിക്കുന്ന കടല്‍ത്തീരങ്ങളും കായലുകളും, മനം കവരുന്ന മലയോര വിനോദസഞ്ചാര കേന്ദ്രങ്ങള്‍, ശ്രദ്ധയാകര്‍ഷിക്കുന്ന കലാരൂപങ്ങളും ഉത്സവാഘോഷങ്ങളും... ഒരു മികച്ച വിനോദസഞ്ചാര കേന്ദ്രമായി മാറാനുളള എല്ലാ ചേരുവകളും കാസറഗോഡിനുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തിന്റെ പോരായ്‌മ അടക്കമുളള പല കാരണങ്ങളാല്‍ കേരളത്തിന്റെ ഈ വടക്കന്‍ ജില്ലയുടെ ടൂറിസം സാദ്ധ്യതകള്‍ വളരെ കുറച്ചു മാത്രമാണ് ഉപയോഗിക്കപ്പെട്ടിട്ടുളളത്. വിനോദസഞ്ചാര സാദ്ധ്യതകള്‍ മുരടിച്ചു നില്‍ക്കുന്നതിന് കാരണമായ ഓരോ ഘടകങ്ങളും വാസ്‌തവത്തില്‍ സമര്‍ത്ഥരായ നിക്ഷേപകര്‍ക്ക് മുന്നില്‍ ഭാവിയില്‍ ഇതേ മേഖലയിലെ വികസന സാദ്ധ്യതയാണ്.
കടല്‍ത്തീര റിസോര്‍ട്ടുകള്‍, വാട്ടര്‍സ്‌പോര്‍ട്‌സ്, അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍, വാട്ടര്‍ സ്‌പോര്‍ട്‌സ് കോംപ്ലെക്‌സുകള്‍, കായല്‍ ക്രൂയിസുകള്‍, വിനോദ/ അനുഭവവേദ്യ ടൂര്‍ പാക്കേജുകള്‍, മലയോര വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, കണ്‍വെന്‍ഷന്‍ സെന്ററുകള്‍ തുടങ്ങി ഒട്ടേറെ നിക്ഷേപസാദ്ധ്യതകളാണ് ഇവിടെയുളളത്. അതിനുവേണ്ടത് പ്രതിജ്ഞാബദ്ധവും സുസ്ഥിരവുമായൊരു സമീപനമാണെന്നു മാത്രം. ജില്ലയുടെ ഇനിയും ഉപയോഗിക്കപ്പെട്ടിട്ടില്ലാത്ത ടൂറിസം സാദ്ധ്യതകള്‍ മാത്രമല്ല, കണ്ണൂരിലും മംഗലൂരുവിലുമായി രണ്ട് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ തൊട്ടടുത്തു തന്നെയാണെന്നുളളതും കാസറഗോഡില്‍ വലിയ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് അനുകൂലമായ സാഹചര്യമൊരുക്കുന്നു.