ബേക്കല്‍ ഫോര്‍ട്ട് ഹോംസ്‌റ്റേ
വിനോദസഞ്ചാരികളുടെ എണ്ണം കൂടിയതോടെ അനുബന്ധ മേഖലകളും കൂടുതല്‍ വിപുലമായി. വിരുന്നെത്തുന്ന യാത്രികരുടെ താത്‌പര്യങ്ങളും വ്യത്യസ്‌തമാണിപ്പോള്‍. വെറും സ്ഥലം കാണലിനുപരി ആ സ്ഥലത്തിന്റെ സംസ്‌കാരവും പാരമ്പര്യവുമൊക്കെ അറിയാനും അനുഭവിക്കാനും കഴിയുന്ന തരത്തിലുളള താമസസ്ഥലങ്ങളെ തെരഞ്ഞെടുക്കുന്നവര്‍ കൂടി. ഇത്തരത്തില്‍ സഞ്ചാരികളുടെ പ്രിയപ്പെട്ട ഹോംസ്‌റ്റേ ആണ് ബേക്കലിലെ ബേക്കല്‍ ഫോര്‍ട്ട് ഹോംസ്‌റ്റേ. സ്‌ത്രീ യാത്രികരുടെയും കുടുംബങ്ങളുടെയും ഇഷ്ടസ്ഥലമാണിത്.
2017ലാണ് ബേക്കല്‍ ഫോര്‍ട്ട് ഹോംസ്‌റ്റേ ആരംഭിച്ചത്. നാല് വര്‍ഷം കൊണ്ട് ബുക്കിങ്ങ്.കോമില്‍ ഏറ്റവും ഉയര്‍ന്ന റേറ്റിങ്ങുളള ഹോംസ്‌റ്റേ ആയി ഇത് മാറി. അദ്ധ്യാപകനായിരുന്ന അംബുജാക്ഷനും കുടുംബവുമാണ് ഹോംസ്‌റ്റേ നടത്തുന്നത്. ഹെഡ് മാസ്‌റ്ററായി വിരമിച്ചതിനു ശേഷം വീട്ടില്‍ വെറുതേ ഇരിക്കുന്നതിനോട് താത്‌പര്യമില്ലായിരുന്നു അദ്ദേഹത്തിന്. അങ്ങനെയാണ് പത്ത് ലക്ഷം രൂപ ബാങ്ക് ലോണെടുത്ത് വീടിനു മുകളില്‍ ഒരു നില കൂടി പണിത് ഹോം സ്‌റ്റേ ആരംഭിച്ചത്. ഈ രംഗത്ത് വര്‍ഷങ്ങളായി ജോലി ചെയ്യുന്ന മകന്‍ അനൂപിന്റെ പിന്തുണയും ഉണ്ടായിരുന്നു. ചരിത്രാദ്ധ്യാപകനായിരുന്ന അംബുജാക്ഷന് അതിഥികളോട് ബേക്കലിന്റെ കഥകള്‍ പറയുക ബുദ്ധിമുട്ടുളള കാര്യമേ ആയിരുന്നില്ല. ഒപ്പം ഭാര്യയുടെ മേല്‍നോട്ടത്തില്‍ വീട്ടില്‍ത്തന്നെ തയ്യാറാക്കുന്ന രുചികരമായ ഭക്ഷണം കൂടിയായപ്പോള്‍ ബേക്കലിലെ ആഡംബര ഹോട്ടലുകള്‍ പോലും പിന്നിലാകുന്ന തരത്തില്‍ സഞ്ചാരികള്‍ ഈ വീട് തേടി എത്തി തുടങ്ങി.
"ബിആര്‍ഡിസിയുടെ പരിശീലനക്ലാസുകള്‍ പ്രഫഷണലായി ബിസിനസിനെ സമീപിക്കാന്‍ സഹായിച്ചു. ഹോംസ്‌റ്റേ ആരംഭിച്ച സമയത്തു തന്നെ നല്ല രീതിയില്‍ പരസ്യം നല്‍കിയതും കൂടുതല്‍ സഞ്ചാരികളെത്താന്‍ സഹായിച്ചു. ബാങ്ക് ലോണ്‍ അടച്ചുവീട്ടിയെന്നു മാത്രമല്ല, ഈ വിജയം നല്‍കിയ ആത്മവിശ്വാസത്തില്‍ ലീസിനെടുത്ത പുരാതനമായൊരു വീടും ഹോംസ്‌റ്റേ ആക്കി മാറ്റി". അതും നല്ല രീതിയില്‍ നടന്നുപോകുന്നുണ്ടെന്ന് അനൂപ് പറയുന്നു.
ബിസിനസ് പാരമ്പര്യമില്ലാത്ത ഒരു കുടുംബമായിരുന്നിട്ടും ഈ രംഗത്ത് വിജയമാതൃക തീര്‍ക്കാന്‍ അംബുജാക്ഷന് കഴിഞ്ഞത് ഈ രംഗത്തേക്ക് വരാനിരിക്കുന്നവര്‍ക്ക് വലിയ പ്രോത്സാഹനമാണ്. അതിഥികളോടുളള നമ്മുടെ സമീപനമാണ് ഈ രംഗത്ത് ഏറ്റവും ശ്രദ്ധിക്കേണ്ടത് എന്നാണ് അംബുജാക്ഷന്റെ അഭിപ്രായം.