രാഹുല്‍ നാരായണന്‍, ജിതിന്‍ കെ.പി.

സ്ഥാപകര്‍

കവ്വായി സ്റ്റോറീസ്


കായല്‍, കണ്ടല്‍ക്കാടുകള്‍, കടല്‍ത്തീരം, ചെറുദ്വീപുകള്‍ ഇങ്ങനെ ടൂറിസത്തിനു വേണ്ടുന്നതെല്ലാം ഒത്തിണങ്ങിയ നാടാണ്‌ കവ്വായി. അടുത്തകാലം വരെ കവ്വായിയുടെ മനോഹരഭംഗി അധികമാരും തിരിച്ചറിഞ്ഞിരുന്നില്ല. എന്നാലിന്ന്‌ കയാക്കിങ്ങിന്‌ പേരുകേട്ട സ്ഥലമായി കവ്വായി മാറിയിരിക്കുന്നു. അതിനുപിന്നിലോ, കവ്വായ്‌ സ്‌റ്റോറീസ്‌ എന്ന സ്‌റ്റാര്‍ട്ടപ്പുമായി രണ്ടു ചെറുപ്പക്കാരും.

കോര്‍പറേറ്റ്‌ ലോകത്ത്‌ ഒരു ദശാബ്ദത്തോളം ജോലിനോക്കിയ ശേഷമാണ്‌ തന്റെ സ്വപ്‌നത്തിനു പിന്നാലെ ഇറങ്ങിത്തിരിക്കാന്‍ രാഹുല്‍ നാരായണന്‍ തീരുമാനിക്കുന്നത്‌. സ്വന്തം നാട്ടില്‍ സ്വന്തമായി എന്തെങ്കിലും ആരംഭിക്കണം എന്നതിലുപരി വ്യക്തമായൊരു പ്ലാന്‍ ഉണ്ടായിരുന്നില്ല രാഹുലിന്‌. എന്തു ചെയ്യണം എന്ന അന്വേഷണത്തിലാണ്‌ കവ്വായിയുടെ ടൂറിസ സാദ്ധ്യത മനസിലുടക്കുന്നത്‌.

"ആ സമയം ബിആര്‍ഡിസിയുടെ സ്‌മൈല്‍ പദ്ധതിയുടെ ഭാഗമായിരുന്നു ഞങ്ങള്‍ രണ്ടുപേരും. പങ്കെടുത്ത വര്‍ക്ക്‌ഷോപ്പുകളും പരിശീലന പരിപാടികളും അനുഭവവേദ്യ ടൂറിസത്തിന്റെ സാദ്ധ്യതകളിലേക്ക്‌ കണ്ണു തുറപ്പിക്കുന്നതായിരുന്നു. അതുപോലെ ടൂറിസത്തിലെ മാര്‍ക്കറ്റിങ്ങ്‌ പോലുളള വശങ്ങളും പുതിയ അനുഭവമായിരുന്നു. ടൂറിസമാണ്‌ ഞങ്ങളുടെ രംഗമെന്ന തിരിച്ചറിവു തന്നത്‌ ഈ പരിശീലന പരിപാടികളാണ്‌." രാഹുല്‍ പറയുന്നു.

"തുടക്കം വലിയ പാടായിരുന്നു. തൊട്ടടുത്തുളള റിസോര്‍ട്ടില്‍ നിന്നു വാടകയ്‌ക്ക്‌ എടുത്ത കയാക്കാണ്‌ ആദ്യം ഉപയോഗിച്ചിരുന്നത്‌. പക്ഷെ അതിലൂടെ കവ്വായിയുടെ സാദ്ധ്യതകള്‍ കണ്ടറിയാന്‍ കഴിഞ്ഞു. ഈ കയാക്കില്‍ കവ്വായി മുഴുവന്‍ കറങ്ങിക്കാണുകയായിരുന്നു ഞങ്ങളുടെ ആദ്യജോലി. അത്‌ ദിവസങ്ങളെടുത്തു. ചെറുഗ്രാമങ്ങള്‍, അവിടത്തെ ജീവിതം, ഭക്ഷണം, സംസ്‌കാരം, ഇതെല്ലാം മനസിലാക്കാന്‍ കഴിഞ്ഞു. കവ്വായിയുടെ തെക്ക്‌ ഏഴിമലയാണ്‌. വടക്കോട്ട്‌ കൊച്ചുകൊച്ച്‌ ദ്വീപുകളും അഴിമുഖങ്ങളും. മനോഹരമാണ്‌ ഓരോ കാഴ്‌ച്ചയും. ഞങ്ങളുടെ ഈ യാത്രയെ അടിസ്ഥാനമാക്കിയാണ്‌ പിന്നീട്‌ ഓരോ പാക്കേജും ഡിസൈന്‍ ചെയ്‌തത്‌".

കവ്വായ്‌ സ്റ്റോറീസ്‌ ആരംഭിക്കുന്നത്‌ 2016 ലാണ്‌. ആ സമയത്ത്‌ വാട്ടര്‍ സ്‌പോര്‍ട്‌സ്‌ കേരളത്തിലെ ടൂറിസം രംഗത്ത്‌ അത്ര പ്രചാരത്തിലായിട്ടില്ല. കയാക്കിങ്ങിലെ താത്‌പര്യം കാരണം ഇരുവരും ഗോവയിലെ നാഷണല്‍ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ വാട്ടര്‍ സ്‌പോര്‍ട്‌സില്‍ നിന്ന്‌ ലൈസന്‍സ്‌ നേടിയെടുത്തു. തങ്ങളുടെ സ്വകാര്യ സമ്പാദ്യത്തിനു പുറമെ സഹകരണ ബാങ്കുകളില്‍ നിന്നുളള വായ്‌പയും ചേര്‍ത്താണ്‌ മൂലധനമൊരുക്കിയത്‌. ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കൊപ്പം പ്രവര്‍ത്തിച്ചും സെമിനാറുകളും വര്‍ക്ക്‌ഷോപ്പുകളും നടത്തിയും ജനശ്രദ്ധ നേടിയെടുത്തു. ഡിടിപിസിയുടെയും മുനിസിപ്പല്‍ കൗണ്‍സിലിന്റെയും സഹായത്തോടെ രണ്ടുവര്‍ഷം കയാക്കിങ്ങ്‌ ഫെസ്റ്റിവലുകള്‍ സംഘടിപ്പിച്ചു. ക്രമേണ സഞ്ചാരികള്‍ക്കിടയില്‍ കയാക്കിങ്ങിനോടുളള താത്‌പര്യം കൂടിവന്നു.

ഒറ്റയ്‌ക്കും സംഘം ചേര്‍ന്നുമുളള കയാക്കിങ്ങ്‌, കണ്ടല്‍ക്കാടുകള്‍ക്കിടയിലൂടെയുളള കയാക്കിങ്ങ്‌ രണ്ടുദിവസം നീളുന്ന കയാക്കിങ്ങ്‌ പര്യടനം എന്നിങ്ങനെ വിവിധതരം പാക്കേജുകള്‍ നല്‍കുന്നുണ്ടെങ്കിലും കയാക്കിങ്ങ്‌ പര്യടനത്തിനാണ്‌ വിദേശ സഞ്ചാരികള്‍ക്കിടയില്‍ താത്‌പര്യം കൂടുതല്‍. തെക്കന്‍ കേരളത്തില്‍ ഇത്തരമൊരു ടൂര്‍ പാക്കേജ്‌ അവതരിപ്പിക്കുന്നത്‌ തങ്ങളാണെന്ന്‌ രാഹുല്‍ പറയുന്നു. ഇതിനോടകം പതിനെട്ടോളം വിദേശരാജ്യങ്ങളില്‍ നിന്നുളള സഞ്ചാരികള്‍ ഇവരുടെ ആതിഥ്യം സ്വീകരിച്ചു. ഇതെല്ലാം ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ്ങിലൂടെയാണ്‌ സാധ്യമായത്‌.

കയാക്കിങ്ങ്‌ ടൂറാണ്‌ പ്രധാന പരിപാടി എങ്കിലും തെയ്യം ടൂര്‍, പൈതൃക നടത്തം, ട്രെക്കിങ്ങ്‌, ഫുഡ്‌ ടൂറുകള്‍ എന്നിങ്ങനെ വിവിധതരം യാത്രകള്‍, സര്‍വീസ്‌ഡ്‌ വില്ല, പയ്യന്നൂരിലെ പൈതൃക ഹോംസ്‌റ്റേ എന്നിങ്ങനെ ടൂറിസത്തിന്റെ വിവിധ മേഖലകളില്‍ തങ്ങളുടെ വിജയകഥ ആവര്‍ത്തിക്കുകയാണ്‌ ഇരുവരും.