ദഫ്‌മുട്ട് പോലെത്തന്നെ മുസ്ലിങ്ങള്‍ക്കിടയില്‍ പ്രചാരത്തിലുളള കലാരൂപമാണ് അറബനമുട്ട് അല്ലെങ്കില്‍ അറവനമുട്ട്. അറബന എന്ന വാദ്യോപകരണം കൈയിലേന്തിയുളള അനുഷ്‌ഠാന നൃത്തമാണിത്. തടിയും തുകലും ഉപയോഗിച്ചാണ് ഒരു മുഖം മാത്രമുളള അറബന ഉണ്ടാക്കുന്നത്. യുദ്ധവീരന്മാരുടെയും രക്തസാക്ഷികളുടെയും ജീവിതകഥ വിവിരിക്കുന്ന പാട്ടുകളാണ് അറബനമുട്ട് അവതരിപ്പിക്കാന്‍ ഉപയോഗിക്കുന്നത്. പാട്ടിന്റെ താളത്തിനൊത്ത് നൃത്തം ചെയ്യുന്നതിനൊപ്പം അറബനയില്‍ താളമിടുകയും ചെയ്യും. ദഫ് മുട്ട് അവതരിപ്പിക്കുന്നതു പോലെത്തന്നെ ഒരാള്‍ പാടുകയും മറ്റുളളവര്‍ ഏറ്റുപാടുകയുമാണ് ചെയ്യുന്നത്. അനുഷ്‌ഠാനങ്ങളുടെ ഭാഗമായും വിശേഷാവസരങ്ങളിലും അറബനമുട്ട് അവതരിപ്പിക്കാറുണ്ട്.