പതിനേഴാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച ഈ ചരിത്ര നിര്‍മ്മിതി ഇന്ന് ജില്ലയുടെ തന്നെ മേല്‍വിലാസമായി നിലകൊളളുന്നു. പളളിക്കര വില്ലേജില്‍ കടലിനോടു ചേര്‍ന്നുളള 35 ഏക്കര്‍ സ്ഥലത്താണ് കോട്ട സ്ഥിതി ചെയ്യുന്നത്. പുരാതനമായ കദംബ രാജവംശമാണ് ഈ കോട്ട നിര്‍മ്മിച്ചതെന്നു കരുതുന്നു. തുടര്‍ന്ന് കോലത്തിരി രാജാക്കന്മാരും, മൈസൂരു രാജാക്കന്മാരും കൈവശപ്പെടുത്തിയ കോട്ട ഒടുവില്‍ ബ്രിട്ടീഷുകാരുടെ അധീനതയിലായി. വെട്ടുകല്ലില്‍ തീര്‍ത്ത 130 അടി ഉയരത്തിലുളള കോട്ടയുടെ ആകൃതി ഒരു താക്കോല്‍ ദ്വാരത്തിനു സമാനമാണ്. 12 മീറ്റര്‍ ഉയരത്തിലാണ് മതിലുകള്‍ പണിതിട്ടുളളത്. ഏതാനു നൂറ്റാണ്ടുകള്‍ മുമ്പുവരെ വലിയ പീരങ്കികള്‍ ഘടിപ്പിച്ചിരുന്ന നിരീക്ഷണ ഗോപുരങ്ങളും പടവുകളോടു കൂടിയ ജലസംഭരണിയും തെക്കുഭാഗത്തേക്ക് തുറക്കുന്ന തുരങ്കവുമാണ് കോട്ടയില്‍ ഇപ്പോഴും ശേഷിക്കുന്ന വിസ്‌മയകരമായ നിര്‍മ്മിതികള്‍. കാഴ്‌ച്ചയിലെ പ്രൗഢിയ്‌ക്കൊപ്പം മാറിമാറി വന്ന ഓരോ അധികാരികളും ഒരുക്കിയ പ്രതിരോധ സൗകര്യങ്ങള്‍ കൂടിയാണ് കോട്ടയെ കാലാകാലങ്ങളില്‍ ആകര്‍ഷണകേന്ദ്രമായി നില നിര്‍ത്തിയത്. കോട്ടയ്‌ക്കു സമീപം ഒരു ഹനുമാന്‍ ക്ഷേത്രവും ടിപ്പു സുല്‍ത്താന്‍ നിര്‍മ്മിച്ചതെന്നു കരുതുന്ന ഒരു പളളിയുമുണ്ട്. കോട്ടയില്‍ നിന്ന് ഒരു കിലോമീറ്ററേയുളളു ബേക്കല്‍ കടല്‍ത്തീരത്തേക്ക്. ഇതിനോടകം വിവിധ സിനിമകള്‍ക്ക് പശ്ചാത്തലഭംഗി പകര്‍ന്ന ബേക്കല്‍ കോട്ടയും കടല്‍ത്തീരവും ഇപ്പോഴും വിവാഹ, പരസ്യ ചിത്രീകരണ സംഘങ്ങളുടെ പ്രിയപ്പെട്ട സ്ഥലമായി തുടരുന്നു. ജില്ലയില്‍ അവശേഷിക്കുന്ന പുരാതന കോട്ടകളില്‍ ഏറ്റവും വലുതും ഉചിതമായി സംരക്ഷിക്കപ്പെടുന്നതുമായ ബേക്കല്‍ കോട്ടയുടെ സംരക്ഷണ ചുമതല കേന്ദ്ര പുരാവസ്‌തു വകുപ്പിനാണ്.