കാസറഗോഡ് ടൗണിനു തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന മറ്റൊരു ചരിത്ര സ്‌മാരകമാണ് ചന്ദ്രഗിരി കോട്ട. പുരാതനകാലത്ത് കോലത്തുനാടിന്റെയും തുളുനാടിന്റെയും അതിരായിരുന്നു ചന്ദ്രഗിരി പുഴ. കോലത്തുനാടിനു കീഴിലായിരുന്ന ചന്ദ്രഗിരി വിജയനഗര വാഴ്‌ച്ചക്കാലത്ത് അവരുടെ പ്രതാപത്തിനു കീഴിലായിരുന്നു. വിജയനഗര സാമ്രാജ്യത്തിന്റെ ശക്തി ക്ഷയിച്ചതോടെ ബേഡന്നൂര്‍ നായ്‌ക്കന്മാരുടെ കീഴിലായി ചന്ദ്രഗിരി. 17ാം നൂറ്റാണ്ടില്‍ ബേഡന്നൂര്‍ രാജവംശത്തിലെ ശിവപ്പ നായിക്കാണ് ചന്ദ്രഗിരിക്കോട്ടയുടെ നിര്‍മ്മാണത്തിനു നേതൃത്വം കൊടുത്തത്. ഇപ്പോഴിവിടെ കോട്ടയുടെ അവശിഷ്ടങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. പയസ്വിനി പുഴ അറബിക്കടലുമായി സംഗമിക്കുന്ന മനോഹരക്കാഴ്‌ച്ച ഇവിടെ നിന്നാല്‍ കാണാം. കോട്ടയ്‌ക്കടുത്താണ് പുരാതനമായ കീഴൂര്‍ ക്ഷേത്രം. ഒരു മുസ്ലിം പളളിയും തൊട്ടടുത്തുണ്ട്. പീരങ്കിയുണ്ടകള്‍ പതിഞ്ഞ പാടുകള്‍ മായാത്ത ചുവരുകളുളള കോട്ടയുടെ സംരക്ഷണ ചുമതല കേന്ദ്ര പുരാവസ്‌തു വകുപ്പിനാണ്. തൊട്ടടുത്തുളള ദ്വീപുകളിലേക്ക് ഇവിടെനിന്ന് ബോട്ട് സര്‍വീസുണ്ട്. കൂടാതെ സ്‌പീഡ് ബോട്ട്, ഹോസ്‌ബോട്ട് സവാരികള്‍, ദ്വീപുകളില്‍ ക്യാമ്പിങ്ങ്, വനയാത്രകള്‍ എന്നിവയും ഇവിടെ നിന്ന് സംഘടിപ്പിക്കാറുണ്ട്.