കാഞ്ഞങ്ങാടു നിന്നും 43 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന മനോഹരമായ സ്ഥലമാണിത്. കടല്‍നിരപ്പില്‍ നിന്നും 750 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന റാണിപുരമാണ് ജില്ലയിലെ ഏറ്റവും ഉയരം കൂടിയ സ്ഥലം. മുമ്പ് മാടത്തുമല എന്നറിയപ്പെട്ടിരുന്ന ഇവിടം നിത്യഹരിത ചോലവനങ്ങളും വിശാലമായ പുല്‍മേടുകളും നിറഞ്ഞതാണ്. പശ്ചിമഘട്ടത്തില്‍ കാണപ്പെടുന്ന സസ്യജന്തുജാലങ്ങളില്‍ മിക്കവയും നിറഞ്ഞ ഈ പ്രദേശം ഉള്‍പ്പെടുത്തി റാണിപുരം വന്യജീവി സങ്കേതമായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഉയര്‍ന്നു കഴിഞ്ഞു. ആന, പുലി, കാട്ടുപന്നി, കുരങ്ങ്, മലയണ്ണാന്‍ തുടങ്ങിയ മൃഗങ്ങളും അസംഖ്യം കിളികളും ചിത്രശലഭങ്ങളും അപൂര്‍വ ഔഷധ സസ്യങ്ങളുമെല്ലാം അധിവസിക്കുന്ന റാണിപുരത്തിനോടു ചേര്‍ന്നാണ് കര്‍ണാടകത്തിലെ കൂര്‍ഗ് മലനിരകളും തലക്കാവേരി വന്യജീവി സങ്കേതവും ഉളളത്. പ്രകൃതിസ്‌നേഹികള്‍ക്കും സാഹസികപ്രേമികള്‍ക്കും ഒരുപോലെ പ്രിയപ്പെട്ട സ്ഥലമാണിത്. മലമുകളിലേക്കും തിരിച്ചും അഞ്ചു കിലോമീറ്റര്‍ ദൂരം ട്രെക്കിങ്ങ് പാതയുണ്ട്. കാഞ്ഞങ്ങാടു നിന്നും പനത്തടിയില്‍ നിന്നും റാണിപുരത്തേക്കെത്താം. സഞ്ചാരികള്‍ക്കായി ഇവിടെ ഡിടിപിസിയുടെ താമസസൗകര്യവും ലഭ്യമാണ്.