കാസറഗോട്ടെ വിനോദസഞ്ചാര മേഖലയിലെ സാദ്ധ്യതകള്‍ അനവധിയാണെങ്കിലും അവ ഇനിയും പൂര്‍ണമായി ഉപയോഗിക്കപ്പെട്ടിട്ടില്ല. അതിനായി അശ്രാന്തപരിശ്രമം നടത്തുന്ന കേരള സര്‍ക്കാറിന്റെയും ബേക്കല്‍ റിസോര്‍ട്ട്‌സ് ഡവലപ്‌മെന്റ് കോര്‍പറേഷന്റെയും (ബിആര്‍ഡിസി) പ്രവര്‍ത്തനഫലമായി പുരോഗതിയുടെ പാതയിലാണ് കാസറഗോഡ്. ടൂറിസം വകുപ്പിന്റെ പുതിയ സ്ഥിതിവിവരക്കണക്കുകള്‍ അനുസരിച്ച് വിനോദസഞ്ചാരമേഖലയില്‍ അഭൂതപൂര്‍വമായ പുരോഗതിയാണ് കാസറഗോഡ് ഉണ്ടായിട്ടുളളത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് 2019ല്‍ ജില്ലയിലേക്കെത്തിയ വിദേശസഞ്ചാരികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായിട്ടുളളത്. 2018ല്‍ 4122 വിദേശസഞ്ചാരികള്‍ എത്തിയ ഇടത്ത് 2019 ആയപ്പോള്‍ 7269 പേരായി വര്‍ദ്ധിച്ചു. നിപ്പാ വൈറസ് ബാധയും 2018ലെ മഹാപ്രളയവും ഉണ്ടാക്കിയ കഷ്ടനഷ്ടങ്ങളെ മറികടന്നാണ് വിദേശസഞ്ചാരികളുടെ എണ്ണത്തില്‍ ഇത്രയും വര്‍ദ്ധനവ് വരുത്താന്‍ കാസറഗോഡ് ടൂറിസത്തിന് കഴിഞ്ഞത്. വിനോദസഞ്ചാര മേഖലയിലെ ഈ ഉണര്‍വ് തദ്ദേശീയരായ ജനങ്ങള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സഹായകമായി.
ഔദ്യോഗിക സ്ഥിതിവിവര കണക്കുകള്‍ അനുസരിച്ച് കാസറഗോഡ് ആയുര്‍വേദ സെന്ററുകളും ആഡംബര റിസോര്‍ട്ടുകളുമടക്കം 84 അക്കോമഡേഷന്‍ യൂണിറ്റുകളുണ്ട്. മൊത്തത്തില്‍, ജില്ലയില്‍ 1872 മുറികളാണുളളത്.