നീലേശ്വരത്തിനു പത്ത് കിലോമീറ്റര്‍ തെക്കായാണ് വലിയപറമ്പ കായല്‍. നാലു പുഴകള്‍ വന്നു ചേരുന്ന വലിയപറമ്പയില്‍ ഒട്ടനവധി ദ്വീപുകളും തുരുത്തുകളുമുണ്ട്. ഇതിനോടു ചേര്‍ന്നു തന്നെയാണ് കുന്നുവീട്, പടന്ന കടല്‍ത്തീരങ്ങളും. തൊണ്ണൂറോളം തരത്തിലുളള പക്ഷികളെ ഇവിടെ തിരിച്ചറിഞ്ഞിട്ടുണ്ട്. കേരളത്തിലെ ഒരു പ്രധാന മത്സ്യബന്ധന പ്രദേശം കൂടിയാണ് വലിയപറമ്പ. കായല്‍ത്തീരത്തിന്റെ ഭംഗി ആസ്വദിക്കാന്‍ ബോട്ട് സര്‍വീസുകള്‍ ഇഷ്ടം പോലെയുണ്ട്. വലിയപറമ്പയിലെ കോട്ടപ്പുറത്തു നിന്ന് കണ്ണൂര്‍ വരെ ബിആര്‍ഡിസിയുടെ ഹൗസ്‌ബോട്ടുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. അയിട്ടിയിലും എടയിലക്കാടും ഓരോ ഹൗസ്‌ബോട്ട് ടെര്‍മിനലുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ജലസവാരിയ്‌ക്കു പുറമെ ദ്വീപിലെ അത്താഴം, കനോയിങ്ങ് എന്നിവയും ഒരുക്കിയിട്ടുണ്ട്.