ഹാസ്യവും നൃത്തവും സംഗീതവുമെല്ലാം ഇടകലരുന്ന നാടൻ കലാരൂപമാണ് കാക്കാരിശ്ശി നാടകം. കാക്കാലന്റെയും ഭാര്യമാരുടെയും വേഷത്തിൽ പരമശിവനും ഭാര്യമാരായ പാർവതിയും ഗംഗയുമാണ് രംഗത്തെത്തുന്നത്. തുടർന്ന് സമകാലിക സംഭവങ്ങളെ കോർത്തിണക്കി നർമ്മഭാവത്തിൽ അവതരിപ്പിക്കുന്ന നാടകമാണിത്. ലളിതമായ അവതരണ ശൈലിയും നിത്യജീവിതത്തിലെ സന്ദർഭങ്ങൾ വിഷയമാക്കുന്നതു കൊണ്ടും സാധാരണക്കാരോട് നന്നായി സംവദിച്ചിരുന്ന ഒരു നാടൻകലാരൂപമായിരുന്നു കാക്കാരിശ്ശി നാടകം.
തമിഴ്‌നാട്ടിലാണ് ഈ കലാരൂപത്തിന്റെ ഉത്ഭവം. നാടോടികളായ കൈനോട്ടക്കാരാണ് കാക്കാലന്മാർ. ഹാർമോണിയവും മൃദംഗവും ഗഞ്ചിറയും ചേർന്നുളള താളം കേൾക്കുമ്പോഴേ ആളുകൾ ഇവർക്കു ചുറ്റും കൂടിത്തുടങ്ങും. ചമഞ്ഞൊരുങ്ങിയ കലാകാരന്മാർ കഥാപാത്രങ്ങളായി ജീവിക്കാൻ തുടങ്ങുന്നതോടെ കാണികൾ സ്വയം മറക്കും.