ലോകമാകെ കേരളത്തെ പ്രശസ്തമാക്കിയ കലാരൂപമാണ് കഥകളി. 300 വര്‍ഷത്തെ പഴക്കമേയുള്ളൂ ഈ കലാരൂപത്തിനെങ്കിലും അതിന്റെ ഗാംഭീര്യവും, നൃത്ത, സംഗീത മേള സാകല്യവും, രൂപഭംഗിയും ഒരു ഉത്തമ കലാരൂപമാക്കി മാറ്റുന്നു. പുരാണങ്ങളില്‍ നിന്നും ഐതിഹ്യങ്ങളില്‍ നിന്നുമുള്ള കഥകളാണ് പ്രമേയമാക്കുന്നത്. നാട്യഭംഗിയും സംഗീത മേന്മയും വേഷഭംഗിയുടെ അഭൗമ സാന്നിദ്ധ്യവും ഇതിനെ കലാസ്വാദകരുടെ ആരാധനാ രൂപമാക്കി മാറ്റുന്നുണ്ട്. നൃത്ത നാട്യചലനങ്ങള്‍, മുദ്രകളുടെ താളാത്മകത സൃഷ്ടിക്കുന്ന ഭാഷ, മുഖത്തു വിടരുന്ന ഭാവപ്രകടനങ്ങള്‍, മുഖത്തേപ്പില്‍ പ്രത്യേകം ശ്രദ്ധേയമാകുന്ന കണ്ണുകളുടെ ചലനങ്ങള്‍ എന്നിവ കാഴ്ചക്കാരെ മറ്റൊരു മാസ്മര പ്രപഞ്ചത്തിലേക്കു കൊണ്ടു പോകുന്നു. ഓരോ രംഗം തീരുവോളം കണ്ണുകള്‍ക്ക് ആനന്ദോല്‍സവമാണ് കഥകളി നടനം.
വേഷവും മുഖത്തെഴുത്തുംകഥകളി വേഷ സമ്പ്രദായങ്ങളും മുഖത്തെഴുത്തും മറ്റൊരു സൗന്ദര്യാനുഭൂതിയാണ്. അഞ്ചു തരം വേഷങ്ങളാണ് സാധാരണ കഥകളി വേദികളില്‍ എത്തുക. ഇവയോരോന്നും കഥാപാത്രങ്ങളുടെ ലിംഗ, സ്വഭാവ, പ്രകൃതി സവിശേഷതകള്‍ എടുത്തു കാട്ടുന്നവയാണ് - പച്ച, കത്തി, താടി, കരി, മിനുക്ക് എന്നിവയാണവ. ആടയാഭരണങ്ങളുടെ വൈചിത്ര്യവും നിറക്കൂട്ടുമാണ് കഥകളിയുടെ ദൃശ്യഗാംഭീര്യം വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങളിലൊന്ന്. കേശഭാരത്തോടു കൂടിയ വലിയ കിരീടങ്ങള്‍, തിളങ്ങുന്ന പട്ടില്‍ തീര്‍ത്ത കട്ടികഞ്ചുകങ്ങള്‍ (മേല്‍ കുപ്പായം) നിറപ്പകിട്ടാര്‍ന്ന അരപ്പാവാടകള്‍, അരപ്പാവാട ധരിക്കുന്നത് അരക്കു ചുറ്റും നീണ്ട വസ്ത്ര ചുരുള്‍ ചുറ്റി അരയുടെ ആകാരവും വിസ്താരവും രൂപഭംഗിയും വര്‍ദ്ധിപ്പിച്ചിട്ടാണ്. കലാകാരന്മാര്‍ അവരുടെ വേഷ ഭംഗിയില്‍ കഥാപാത്രമായി മാറുമ്പോള്‍ കാണികളും കഥകളുടെ മായിക ലോകത്തിലേക്കു വഴുതി വീഴുന്നു.
പച്ചപ്രഭുക്കളെയും സാത്വിക സ്വഭാവക്കാരെയും ചിത്രീകരിക്കാനാണ് പച്ച വേഷം കഥാപാത്രങ്ങള്‍ക്കു അണിയിക്കുക.
കത്തിഗാംഭീര്യമുള്ള വില്ലന്‍ കഥാപാത്രങ്ങള്‍ക്കു കത്തിവേഷം.
താടിമുഖത്തു കീഴ്താടിയില്‍ ചുട്ടിയ്ക്കു പകരം വട്ടത്താടി വയ്ക്കുന്നവയാണ് താടി വേഷങ്ങള്‍. മൂന്നു തരം താടികള്‍ കഥകളിയില്‍ പ്രചാരത്തിലുണ്ട്. ഹനുമാന്‍, ബാലി, സുഗ്രീവന്‍ എന്നിങ്ങനെ വാനര കഥാപാത്രങ്ങള്‍ക്കാണ് വെള്ളത്താടി സാധാരണയായി ഉപയോഗിക്കുക. ചുവന്ന താടി ദുഷ്ട കഥാപാത്രങ്ങള്‍ക്കാണ്, പലപ്പോഴും വില്ലന്‍ കഥാപാത്രങ്ങളുടെ അംഗരക്ഷകരോ പ്രധാന അനുയായികളോ ആണിവര്‍. കറുത്ത താടി സാധാരണ കാട്ടാളന്മാര്‍ക്കാണ്.
കരികരി വേഷം സാധാരണ കാട്ടാള സ്ത്രീകള്‍ക്കാണ്. ചില കഥകളില്‍ ഇത്തരം വേഷം പുരുഷ കഥാപാത്രങ്ങള്‍ക്കും നിശ്ചിതപ്പെടുത്തിയിട്ടുണ്ട്.
മിനുക്ക്സുന്ദരികളായ സ്ത്രീകള്‍ക്കും ബ്രാഹ്മണര്‍ക്കും, സന്യാസികള്‍ക്കും ആണ് മിനുക്ക് വേഷം.
മുദ്രഭാവം, നൃത്തം, നാട്യം എന്നിവയുടെ ഒപ്പം കഥകളിയുടെ രംഗഭാഷയില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് മുദ്ര. വളരെ ശൈലീകൃതമായ സംസാര ഭാഷയാണിത്. നാട്യശാസ്ത്രവും മറ്റ് ആവിഷ്ക്കാര സമ്പ്രദായങ്ങളും അടിസ്ഥാനമാക്കി സംസാരഭാഷയെ മുദ്രകളിലേക്കു സന്നിവേശിപ്പിക്കുകയാണ് കഥകളി കലാകാരന്‍ ചെയ്യുന്നത്. നാട്യശാസ്ത്രത്തിലെയും മറ്റു നൃത്തരൂപങ്ങളിലെയും കൂടിയാട്ടത്തിലെയും മറ്റും ഭാഷക്കു സമാനമായ മുദ്രകളാണ് കഥകളിയിലും ഉപയോഗിക്കുന്നത്. ഹസ്തലക്ഷണ ദീപിക ഇതിനൊരു പ്രമാണ ഗ്രന്ഥമാണ്. പാട്ടിലെ സാഹിത്യത്തിനൊത്താണ് മുദ്രകള്‍ കാണിക്കുക. സംഗീതത്തിനും പശ്ചാത്തല മേളത്തിനും ഒപ്പം മുദ്രകളും നൃത്ത, നാട്യ ചലനങ്ങളും ഭാവാവിഷ്ക്കാരവും ഒത്തു ചേര്‍ന്നതാണ് കഥകളിയുടെ രംഗഭാഷ്യം.
കഥകളി സംഗീതംരംഗത്തവതരിപ്പിക്കുന്ന അടിസ്ഥാനമായ തിരക്കഥക്ക് ആട്ടക്കഥ എന്നു പറയും. പല അങ്കങ്ങളുള്ളതായിരിക്കും ആട്ടക്കഥ. ഓരോന്നും ഗാനരൂപത്തിലാണ് എഴുതപ്പെട്ടിട്ടുളളത്. രംഗഭാഷ്യത്തിനൊപ്പം താളവും രാഗവും ആലാപനരീതിയും ഓരോ അങ്കത്തിലും ചിട്ടപ്പെടുത്തിയിരിക്കും. പാട്ടുകാര്‍ രണ്ടു പേരുണ്ടാകും. പ്രധാനി ചേങ്ങിലയില്‍ താളമടിച്ചാണ് പാടുക. സഹായി ഇലത്താളത്തിലും. ഒപ്പം ചെണ്ട, മദ്ദളവും. ചില അവസരങ്ങളില്‍ ചെണ്ടയ്ക്കു പകരം ഇടയ്ക്കയും മേളമൊരുക്കും. സ്ത്രീ കഥാപാത്രങ്ങളുടെ പശ്ചാത്തല മേളത്തില്‍ സാധാരണ ചെണ്ടയുണ്ടാവില്ല. മദ്ദളം പ്രധാനം, ഇടയ്ക്കയും അകമ്പടിയാകും. പുരുഷ കഥാപാത്രങ്ങളാകുമ്പോള്‍ ചെണ്ടയും മദ്ദളവും. കര്‍ണ്ണാടക സംഗീതത്തിലും സോപാന സംഗീതത്തിലും അടിസ്ഥാനമാക്കിയതാണ് കഥകളി സംഗീതം. ഹിന്ദുസ്ഥാനി രാഗങ്ങളുടെ ആലാപന ഭാഷ്യങ്ങളും ഇപ്പോള്‍ അപൂര്‍വ്വമായി കൂടിക്കലരാറുണ്ട്.
കഥകളി പരിശീലനംകഥകളി പരിശീലനം നാലഞ്ചു വര്‍ഷമെടുക്കുന്ന കഠിന പദ്ധതിയാണ്. എണ്ണയിട്ടുഴിഞ്ഞ് ശരീരത്തെ പാകപ്പെടുത്തല്‍ അതിന്റെയൊരു ഭാഗമാണ്. മുദ്രകള്‍, നൃത്ത നാട്യ പരിശീലനം, ചൊല്ലിയാടിക്കല്‍ എന്നിങ്ങനെ പുരോഗമിക്കും കഥകളി പരിശീലനം.
കൂടിയാട്ടം, കൃഷ്ണനാട്ടം, കളരിപ്പയറ്റ് എന്നിവയില്‍ നിന്ന് പലതും സ്വാംശീകരിച്ച കലാരൂപമാണ് കഥകളി. പാരമ്പര്യ രീതിയില്‍ കഥകളി പരിശീലനം നടത്തുന്ന പ്രമുഖ കേന്ദ്രമാണ് കേരള കലാമണ്ഡലം.