അമ്പലങ്ങളിലെ കൂത്തു തറകളിലോ, കൂത്തമ്പലങ്ങളിലോ ആയിരുന്നു കൂത്ത് അരങ്ങേറിയിരുന്നത്. കൂടിയാട്ടത്തിന്റെ ഭാഗമായിട്ടും സ്വതന്ത്രമായും കൂത്തവതരിപ്പിച്ചിരുന്നു. സമീപകാല സംഭവങ്ങളെയും സാമൂഹിക ചുറ്റുപാടുകളെയുമൊക്കെ ഹാസ്യാത്മകമായി അവതരിപ്പിക്കുന്ന ഒറ്റയാൾ പ്രകടനമാണിത്. ഇതിഹാസ കഥകളാണ് പ്രതിപാദിക്കുകയെങ്കിലും അവയുടെ വിസ്താരത്തിനിടയിൽ സദസിലിരിക്കുന്നവരെ വിമർശിക്കുന്നതും കൂത്തിന്റെ ഭാഗമാണ്. ചാക്യാരുടെ പരിഹാസത്തിന് ആരും അന്യരല്ല. ഇതിനെ ആരും ചോദ്യം ചെയ്തു കൂടെന്നൊരു അലിഖിത നിയമവും ഉണ്ടായിരുന്നു. കൂത്തിന് അകമ്പടിയാവുന്ന വാദ്യോപകരണം മിഴാവാണ്.
കൂത്തിന്റെ വകഭേദമാണ് ചാക്യാർ സമുദായത്തിലെ സ്ത്രീകളായ നങ്ങ്യാന്മാർ അവതരിപ്പിക്കുന്ന നങ്ങ്യാർകൂത്ത്. ശ്രീകൃഷ്ണന്റെ കഥകളാണ് ഇതിൽ അവതരിപ്പിക്കുക. ഭാവാഭിനയത്തിലൂടെയും അംഗ ചലനത്തിലൂടെയുമാണ് അവതരണം. മുദ്രകൾ കൂടിയാട്ടത്തിന്റേതു തന്നെയാണെങ്കിലും കുറച്ചുകൂടി വിസ്തരിക്കും. തൃശൂർ വടക്കുന്നാഥൻ ക്ഷേത്രം, അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം, ഇരിങ്ങാലക്കുട കൂടൽമാണിക്യ ക്ഷേത്രം, കോട്ടയം കുമാരനല്ലൂർ ക്ഷേത്രം എന്നിവിടങ്ങളിൽ ഇപ്പോഴും കൂത്ത് അവതരിപ്പിക്കാറുണ്ട്.