ഒരു നാടിന്റെ കഥയും ചരിത്രവും ഐതിഹ്യങ്ങളും വെളിപ്പെടുന്നത് അവിടത്തെ അനുഷ്ഠാന കലാരൂപങ്ങളിലൂടെയാണ്. നാടോടി, ഗോത്ര വര്‍ഗ്ഗ സ്വഭാവമുള്ള ജനതയുടെ ആരാധനാ മൂര്‍ത്തികളിലും ആരാധന, ആഘോഷ സമ്പ്രദായങ്ങളിലും അതാതു പ്രാദേശിക തനിമകള്‍ മുന്നിട്ടു നില്‍ക്കും. വടക്കേ മലബാറിലെ തെയ്യം ആഘോഷങ്ങള്‍, കളിയാട്ടം എന്ന് പേരില്‍ ഓരോ ഗ്രാമക്ഷേത്രങ്ങളിലും കാവുകളിലും അരങ്ങേറുന്ന വാര്‍ഷിക ഉത്സവങ്ങള്‍, ആ നാടിന്റെ ചരിത്രവും സംസ്കാരവും ഒരുമയും കരുത്തും വിളിച്ചറിയിക്കുന്നതാണ്. വീരാരാധനയും പൂര്‍വ്വപിതാക്കന്മാരുടെ ആത്മാവുകള്‍ക്ക് ദൈവിക പരിവേഷവും നല്‍കുന്ന, ഗോത്ര വര്‍ഗ്ഗ സ്വഭാവം പ്രദര്‍ശിപ്പിക്കുന്ന ഇത്തരം ആഘോഷങ്ങള്‍ക്ക് വീര്യവും ഊര്‍ജ്ജവും കൂടും.
വീരരസ പ്രധാനങ്ങളായ കഥകള്‍, നിറം, ശൈലി എന്നിവയുടെ തീക്ഷ്ണതയുളള ദൈവിക രൂപങ്ങള്‍, മുഖത്തെഴുത്തുകളുടെ സൂക്ഷ്മത, കിരീടങ്ങളുടെ വൈചിത്ര്യവും വലിപ്പവും എന്നിങ്ങനെ സവിശേഷങ്ങളായ ആരാധനാ രൂപങ്ങളുടെ നൃത്തത്തിനും വെളിപാടുകള്‍ക്കും അകമ്പടിയേകുന്നത് രൗദ്രരസ പ്രധാനങ്ങളായ ചെണ്ടയും വീക്കനും കുറുംകുഴലും, ഇലത്താളവുമാണ്. രൗദ്ര, രോഷ പ്രകടനങ്ങളോടെ ഭക്തരില്‍ ഭീതിയുണര്‍ത്തി വണക്കം വാങ്ങി ഉറപ്പിക്കുന്ന താമസ രൂപങ്ങളാണ് മിക്ക തെയ്യക്കോലങ്ങളും. രക്തചാമുണ്ഡി, കരിച്ചാമുണ്ഡി, മുച്ചിലോട്ടു ഭഗവതി, വയനാട്ടു കുലവന്‍ തുടങ്ങിയവയും ഗുളികന്‍, പൊട്ടന്‍ എന്നിവയുമാണ് പ്രധാനമായി കാണുന്ന തെയ്യക്കോലങ്ങള്‍. ഓരോ തെയ്യം കലാകാരനും കളിയാട്ട ദിവസം അത്ഭുത ശക്തിയുള്ള ദൈവിക രൂപങ്ങളായി മാറുകയാണ്. ഒരു മാസം വരെയുള്ള തീവ്ര പരിശീലനം, വ്രതം എന്നിവയ്ക്കു ശേഷമാണ് ഇവര്‍ തെയ്യക്കോലമണിയാന്‍ എത്തുക. ഭീതിയും അത്ഭുതവും ആദരവും ഉണര്‍ത്തുന്ന ഗ്രാമദേവതകളായി ആ ദിവസം അവര്‍ മാറും. കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ ഡിസംബര്‍ മുതല്‍ ഏപ്രില്‍ വരെയാണ് തെയ്യം ആഘോഷങ്ങള്‍. കരിവെള്ളൂര്‍, കുറുമാത്തൂര്‍, നീലേശ്വരം, ചെറുകുന്ന്, ഏഴോം, കുന്നത്തൂര്‍പാടി എന്നിവിടങ്ങളിലെ കളിയാട്ടങ്ങള്‍ ഏറെ പ്രശസ്തമാണ്. ഓരോ വര്‍ഷവും ഇവിടത്തെ കളിയാട്ടങ്ങള്‍ ആയിരക്കണക്കിന് ആളുകളെ ആകര്‍ഷിക്കുന്നു. പല വര്‍ഷം കൂടുമ്പോള്‍ ഈ കാവുകളില്‍ പെരുംകളിയാട്ടങ്ങളും നടക്കും.