ജീവിതത്തിന്റെ സകല മേഖലകളിലും ഒരു വ്യക്തി സമഗ്രമായ വികസനം നേടണം എന്ന ലക്ഷ്യമാണ് ആയുർവേദത്തിൽ പ്രതിപാദിക്കുന്നത്. ആധുനിക അവതാരത്തിൽ, ആയുർവ്വേദം അതിന്റെ പുരാതന മൂല്യങ്ങൾ നിലനിർത്തി കൊണ്ടുതന്നെ എണ്ണമറ്റ പുതിയ രോഗങ്ങളെ കൈകാര്യം ചെയ്യുന്നു. രോഗശമനം നൽകുന്നു.
കേരളത്തിൽ ദീർഘകാലത്തെ പാരമ്പര്യമാണ് ആയുർവേദത്തിനുളളത്. ആയുർവേദ വൈദ്യന്മാരും ഡോക്ടർമാരും നൂറ്റാണ്ടുകളായി ഇവിടത്തെ ജനങ്ങൾക്കു രോഗശാന്തിയും ആരോഗ്യവും നൽകി വരുന്നു. പണ്ടുകാലം മുതലേ നമ്മുടെ മുഖ്യചികിത്സാ സമ്പ്രദായത്തിനാധാരം ആയുർവേദമായിരുന്നു. കേരളത്തിലെ സന്തുലിതമായ കാലാവസ്ഥയും, പ്രകൃതിയും, കാലവർഷവുമെല്ലാം ആയുർവേദത്തിനു വളരാൻ അനുയോജ്യമായ സാഹചര്യം ഒരുക്കി. ആയുർവേദ ഔഷധങ്ങൾക്കു വേണ്ടുന്ന സസ്യലതാദികൾ സമൃദ്ധമായി വളരുന്നതും മറ്റൊരു കാരണമാണ്. ആരോഗ്യ പരിപാലനരീതി എന്നതിനേക്കാൾ, ആയുർവേദം ഒരു ജീവിത ശൈലിയാണ്. വിനോദ സഞ്ചാരികൾക്കു കേരളത്തിലുള്ള അംഗീകൃത ആയുർവേദ കേന്ദ്രങ്ങൾ സന്ദർശിച്ചു ആവശ്യമായ ചികിത്സകൾ തേടാവുന്നതാണ്.