ആയുസ്സ് വര്‍ദ്ധിപ്പിക്കുക, ആരോഗ്യകരമായി ജീവിക്കുക, പേശികളും മറ്റും ബലപ്പെടുത്തുക തുടങ്ങി ചര്‍മ്മ സൗന്ദര്യം വര്‍ദ്ധിപ്പിക്കുക വരെ അടങ്ങുന്നതാണ് ആയുര്‍വേദ വിധി പ്രകാരമുള്ള രസായന ചികിത്സ. പ്രായമേറുന്തോറും പഴകുന്ന ശരീരത്തില്‍ ഓജസ്സ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന പദ്ധതിയാണിത്. ഓരോ വ്യക്തിക്കും, അവരുടെ ശരീരത്തിന്റെ പോരായ്മകള്‍ക്കനുസരിച്ച് ആയുര്‍വ്വേദ ചികിത്സകന്‍ ചികിത്സാപദ്ധതികള്‍ നിര്‍ണ്ണയിക്കുന്നു. ഉഴിച്ചില്‍, തിരുമ്മല്‍, എണ്ണ അല്ലെങ്കില്‍ തൈലം പുരട്ടല്‍, ചര്‍മ്മ ശുദ്ധിക്ക് പ്രത്യേകം തയ്യാറാക്കിയ ഔഷധച്ചാറുകള്‍ പുരട്ടല്‍ എന്നിങ്ങനെ ചികിത്സകള്‍ വ്യത്യസ്തങ്ങളാവാം. നസ്യം, ധാര, കിഴി എന്നിങ്ങനെ മറ്റ് ആയുര്‍വ്വേദ വിധികളും ഉണ്ട്. പ്രത്യേക മരുന്നുവെള്ളം തിളപ്പിച്ച് എണ്ണ പുരട്ടിയിരുന്ന് സ്വേദകര്‍മ്മവും ചിലപ്പോള്‍ നിര്‍ദ്ദേശിക്കാം. വിയര്‍പ്പിക്കല്‍ ആണിത്. ആന്തരാവയവങ്ങളിലെ അഴുക്കു കളയാന്‍ വമനം (ഔഷധം നല്‍കി ഛര്‍ദ്ദിപ്പിക്കല്‍) മറ്റൊരു രീതിയാണ്. പഞ്ചകര്‍മ്മ ചികിത്സകളും കായകല്പ ചികിത്സാവിധികളും ഓജസ്സ് വര്‍ദ്ധിപ്പിക്കാനുള്ളതു തന്നെ. ശാരീരികാരോഗ്യത്തോടൊപ്പം ആരോഗ്യകരമായ മനസ്സും ചിന്തയും ഈ ചികിത്സാ പദ്ധതികളുടെ മറ്റൊരു മുഖമാണ്. ചിലപ്പോള്‍ യോഗയും ആയുര്‍വ്വേദ ചികിത്സകന്‍ നിര്‍ദ്ദേശിച്ചേക്കാം.