'കിഴക്കിന്റെ വെനീസ്' എന്നറിയപ്പെടുന്ന ആലപ്പുഴയില്‍ എത്തിയാൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് പുരവഞ്ചിയില്‍ കൊച്ചി വരെയുള്ള യാത്ര. കേരളത്തിന്റെ നെല്ലറയായ കുട്ടനാട്ടിലെ കനാലുകള്‍ വഴി തെങ്ങിന്‍ തോപ്പുകളുടെയും നെല്‍പ്പാടങ്ങളുടെയും നടുവിലൂടെയാണ് യാത്ര ആരംഭിക്കുന്നത്.
ആദ്യമെത്തുന്നത് കുമരകത്താണ്. കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായ കുമരകം ഒരു കായല്‍ ഗ്രാമമാണ്. ഏതാനും ദ്വീപുകള്‍ ചേര്‍ന്ന ഗ്രാമം. ഗ്രാമീണ ഭംഗിയും ജീവിതവും ഇവിടെ അനുഭവിച്ചറിയാം. കായല്‍ വിഭവങ്ങള്‍ രുചിക്കാം. ഇവിടെ നിന്ന് പോകുന്നത് വൈക്കത്തേക്കാണ്.
കേരളത്തിലെ ഏറ്റവും വലിയ കായല്‍ പരപ്പിലൂടെയാണ് യാത്ര. പ്രകൃതി സൗന്ദര്യത്തെ കലര്‍പ്പില്ലാതെ അനുഭവിക്കാം ഈ യാത്രയില്‍. വെയിൽ തട്ടിത്തിളങ്ങുന്ന കായല്‍പ്പരപ്പും പച്ചപ്പാർന്ന തീരമരുളുന്ന സ്വാഗത ഗാനവും സഞ്ചാരികളെ മയക്കും.
കായലിനു മദ്ധ്യേയാണ് പാതിരാമണല്‍ ദ്വീപ്. ഈ പ്രദേശത്തെ കുറിച്ചുള്ള കൗതുകകരമായ ഐതിഹ്യങ്ങള്‍ ഗൈഡ് നിങ്ങള്‍ക്ക് വിവരിച്ചു തരും. ദ്വീപിന് സമീപം തണ്ണീര്‍മുക്കം ബണ്ട് കാണാം. തടയണ കെട്ടി ഉപ്പു വെള്ളം അകറ്റി നിര്‍ത്തിയിരിക്കുന്ന അപൂര്‍വ്വമായ കാഴ്ചയാണത്. തണ്ണീര്‍മുക്കത്തെ മറ്റൊരു സവിശേഷത ഇവിടുത്തെ നാടന്‍ ഭക്ഷണമാണ്. തനതു പാചകശൈലിയും നാടന്‍ രുചിയും ചേരുന്ന സ്വാദിഷ്ട ഭക്ഷണം.
കായല്‍ യാത്രയിലെ അടുത്ത ആകര്‍ഷണമാണ് വൈക്കം. പൗരാണികത തുളുമ്പുന്ന വിസ്മയക്കാഴ്ച്ചകൾ വൈക്കത്തു കാണാം. വിഖ്യാതമായ ശിവക്ഷേത്രവും, ഹരിതാഭമായ പ്രകൃതിയും വൈക്കത്തിന്റെ പ്രത്യേകതയാണ്.
വൈക്കത്തെ കേരള ശൈലിയിലുള്ള ഭക്ഷണത്തിനു ശേഷം അടുത്ത സന്ദര്‍ശന കേന്ദ്രമായ കുമ്പളങ്ങിയിലേക്ക് പുരവഞ്ചി നീങ്ങും. കായലിന്റെ ഇരു വശങ്ങളിലും സ്ഥാപിച്ചിരിക്കുന്ന ചീനവലകളാണ് സഞ്ചാരികളെ കുമ്പളങ്ങിയിലേക്കു സ്വാഗതം ചെയ്യുക. പൊക്കാളി പാടങ്ങളാണ് കുമ്പളങ്ങിയുടെ മറ്റൊരു സവിശേഷത. നെല്ലും ചെമ്മീനും ഒരേ വയലുകളില്‍ കൃഷി ചെയ്യുന്ന സമ്പ്രദായമാണ് പൊക്കാളി.
കുമ്പളങ്ങിയില്‍ നിന്നും അടുത്ത ലക്ഷ്യം ഫോര്‍ട്ട് കൊച്ചിയാണ്. വിവിധ വിദേശനാടുകളുടെ സംസ്ക്കാരങ്ങൾ ലയിച്ചുചേർന്ന നാടാണ് കൊച്ചി. ചരിത്രകഥകളുടെ അക്ഷയഖനി. എണ്ണിയാൽ തീരാത്തത്ര ചരിത്രസ്മാരകങ്ങളുള്ള ഫോര്‍ട്ട് കൊച്ചി കാല്‍നടയായി ആസ്വദിക്കുന്നതാണ് നല്ലത്. പുരവഞ്ചിയില്‍ നിന്നുള്ള കാഴ്ചകളും മനോഹരം തന്നെ. ഫോര്‍ട്ട് കൊച്ചിയോടു വിടപറഞ്ഞു ബോള്‍ഗാട്ടി ദ്വീപിലേക്ക്.
ഫോര്‍ട്ട് കൊച്ചിയില്‍ നിന്നും ബോള്‍ഗാട്ടി ദ്വീപിലേക്കുള്ള യാത്രയ്ക്കിടയില്‍ എറണാകുളം നഗരക്കാഴ്ച്ചകള്‍ ആസ്വദിക്കാം. കൊച്ചി കപ്പല്‍ നിര്‍മ്മാണ ശാല, വിഖ്യാതമായ എറണാകുളം അങ്ങാടി, ആധുനികതയും പൗരാണികത്വവും ഒരുപോലെ സമ്മേളിച്ചിരിക്കുന്ന തീരദേശം. സായാഹ്നത്തില്‍ ബോള്‍ഗാട്ടിയിലെ ഇളം വെയിലും തണുത്ത കാറ്റും യാത്രാ ക്ഷീണമകറ്റും. ഈ യാത്ര അവിസ്മരണീയമായ ഒരോർമ്മയായിരിക്കും എന്നതുറപ്പാണ്.
ഡിസ്ട്രിക് ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ (ഡി.ടി.പി.സി.) ഫോണ്‍ : +91 477 2253308, 2251796 ഇ-മെയില്‍ : info@dtpcalappuzha.com
എങ്ങനെ എത്താംഅടുത്തുളള റെയില്‍വേ സ്‌റ്റേഷന്‍ : ആലപ്പുഴ | അടുത്തുളള അന്താരാഷ്ട്ര വിമാനത്താവളം : കൊച്ചി, 85 കി.മീ.
സ്ഥലവിവരങ്ങൾസമുദ്ര നിരപ്പില്‍ നിന്നുള്ള ഉയരം
ഭൂപടം