എറണാകുളം ജില്ലയിലെ ഫോർട്ട് കൊച്ചിക്കു സമീപമുള്ള ദ്വീപാണ് ബോൾഗാട്ടി. മനോഹരമായ പ്രകൃതിയുടെ പശ്ചാത്തലത്തിൽ ഡച്ചുകാർ 1744-ൽ നിർമ്മിച്ചതാണ് ബോൾഗാട്ടി കൊട്ടാരം. ഡച്ചുകാരിൽ നിന്നും ബ്രിട്ടീഷ് ഭരണാധികാരികൾ കൈവശമാക്കിയ കൊട്ടാരം ഇന്ന് കെ.ടി.ഡി.സി.യ്ക്കു കീഴിലുളള ആഡംബര ഹോട്ടലാണ്. ഹണിമൂൺ കോട്ടേജുകളും, ഗോൾഫ് കോഴ്സും മറ്റുമുള്ള ഈ ഹോട്ടൽ ഇന്ന് സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമാണ്.
കൊച്ചി അന്താരാഷ്ട്ര മറീന ബോൾഗാട്ടിയിലാണ്. ഇന്ത്യയിലെ ആദ്യ മറീനയായ കൊച്ചിയിൽ ആഡംബര നൗകകൾ നങ്കൂരമിടാനുള്ള സൗകര്യമുണ്ട്. നൗകകൾക്കു ആവശ്യമായ ജലം, വൈദ്യുതി എന്നിവയും ശുചീകരണ സംവിധാനങ്ങളും ഒരുക്കിയിരിക്കുന്നു. ബോൾഗാട്ടിയിലെ ഇവന്റ് സെന്റർ പ്രധാന അന്താരാഷ്ട്ര കൺവെൻഷൻ കേന്ദ്രവും, വിവാഹം തുടങ്ങിയ മംഗള കർമ്മങ്ങളുടെ വേദിയുമാണ്. കൊച്ചിക്കായലും, തുറമുഖവും, വല്ലാർപാടം കണ്ടെയ്നർ ടെർമിനലും, വിളിപ്പാടകലെ അറബിക്കടലും പശ്ചാത്തലത്തിലുള്ള ബോൾഗാട്ടിക്കു തുല്യമായി മറ്റൊരിടവുമില്ലെന്നു തന്നെ പറയാം.
അടുത്തുള്ള റെയിൽവേ സ്റ്റേഷൻ: എറണാകുളം ആറ് കി.മീ. | അടുത്തുള്ള വിമാനത്താവളം: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം 33 കി.മീ. ദൂരെ.
ഭൂപട സൂചികഅക്ഷാംശം : 9.993196, രേഖാംശം : 76.266689