ആലപ്പുഴയുടെ ഉൾനാടൻ ജലപാതകളിലൂടെ ഒരു യാത്ര നമ്മളെ കാലങ്ങൾക്കു പുറകിലേക്ക് കൊണ്ടുപോകും. തെങ്ങിൻനിരകൾ കാവൽനിൽക്കുന്ന നെൽവയലുകൾക്കു നടുവിലൂടെ കായൽക്കാറ്റേറ്റുളള യാത്ര ഹൃദ്യമായൊരു അനുഭവമായിരിക്കും. കണ്ണെത്താദൂരം പരന്നുകിടക്കുന്ന പച്ചയുടെ പലചാരുതകൾ മനംകുളിർപ്പിക്കുന്ന കാഴ്ച്ചയാണ്.
കെട്ടുവളളമോ, നാടൻവളളമോ എന്തുമാകട്ടെ വേമ്പനാട്ടുകായലുമായി ബന്ധിപ്പിക്കുന്ന ബൃഹത്തായ കനാൽശൃംഖലയിലൂടെയുളള യാത്രയിൽ കാത്തിരിക്കുന്ന കൗതുകങ്ങൾ ഏറെയാണ്. ചാട്ടുളി പോലെ വെളളത്തിലേക്ക് ഊളിയിട്ട് മീനുമായി പറന്നകലുന്ന പൊന്മാനും കായലരികത്ത് മീൻപിടിത്തത്തിൽ ഏർപ്പെട്ടിരിക്കുന്ന കൊതുമ്പുവളളങ്ങളും ജലപാതയിലെ പതിവുകാഴ്ച്ചകളാണ്.
യാത്രാമദ്ധ്യെ ഉളള ഗ്രാമങ്ങളിൽ ഇറങ്ങിയാൽ കയറ് പിരിക്കുന്നവരെ കാണാം. തീരങ്ങളിലെ നാടൻ ഭക്ഷണശാലകൾ മറ്റൊരു ആകർഷണമാണ്. കപ്പയും മീനും ഇവിടങ്ങളിലെ സ്ഥിരം വിഭവങ്ങളിൽ ഒന്നാണ്. മധുരവും ലഹരിയും നുരയുന്ന നാടൻകളളിന്റെ രുചി കൂടിയാവുമ്പോഴേ ഈ യാത്ര പൂർണമാവുകയുളളു.
എറ്റവും അടുത്തുളള റെയിൽവേ സ്റ്റേഷൻ: ആലപ്പുഴ റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം: കൊച്ചി ഇന്റർനാഷണൽ എയർപ്പോർട്ട് ഏകദേശം 85 കിലോമീറ്റർ