നമ്മിലെ കുട്ടിത്തത്തെ തൊട്ടുണർത്തുന്ന ചില സ്ഥലങ്ങളുണ്ട്. മൂന്നാറിലെ എക്കോ പോയിന്റ് അതുപോലൊരു സ്ഥലമാണ്. ഏതു ശബ്ദവും പ്രതിദ്ധ്വനിപ്പിക്കുന്നിടം. ഇവിടെയെത്തുന്ന സഞ്ചാരികൾ ശിശുക്കളെപ്പോലെ ആർത്തുവിളിക്കുന്നതും അതിന്റെ പ്രതിധ്വനിയിൽ ആവേശം കൊള്ളുന്നതും പതിവുകാഴ്ച്ചയാണ്. മൂന്നാറിൽ നിന്നും 15 കിലോമീറ്റർ അകലെയാണ് എക്കോ പോയിൻറ്. പ്രകൃത്യാൽതന്നെ ഇവിടെ സൃഷ്ടിക്കപ്പെടുന്ന പ്രതിധ്വനിയും ഈ പ്രദേശത്തിന്റെ മനോഹാരിതയുമാണ് സഞ്ചാരികളെ ഇവിടേയ്ക്ക് ആകർഷിക്കുന്നത്. 600 അടി ഉയരത്തിലുള്ള എക്കോ പോയിൻറ് സാഹസിക നടത്തത്തിനും അനുയോജ്യമായ ഇടമാണ്. പരിസരഭംഗി നുകർന്നുകൊണ്ട് വനാന്തരത്തിലൂടെ ഒരു സവാരി എക്കോ പോയിന്റ് തേടിയെത്തുന്നവരെ കാത്തിരിക്കുന്നു.
മൂന്നാർ-കൊടൈക്കനാൽ റോഡിലെ ടോപ് സ്റ്റേഷനിലേക്കുള്ള യാത്രാമധ്യേയാണ് എക്കോ പോയിന്റ്. 1700 മീറ്റർ ഉയരത്തിലുള്ള ടോപ് സ്റ്റേഷൻ ഈ പ്രദേശത്തെ ഏറ്റവും ഉയരം കൂടിയ പ്രദേശമാണ്. വെണ്മേഘങ്ങൾ കയ്യെത്തും ദൂരെത്താണെന്ന പ്രതീതിയും ടോപ് സ്റ്റേഷനെ ആകർഷകമാക്കുന്നു.
അടുത്തുളള റെയിൽവേ സ്റ്റേഷൻ : ചങ്ങനാശ്ശേരി, മൂന്നാറിൽ നിന്ന് 93 കി. മീ., ആലുവ, മൂന്നാറിൽ നിന്നും 108 കി. മീ. | അടുത്തുളള വിമാനത്താവളം: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, മൂന്നാറിൽ നിന്ന് 115 കി. മീ., മധുര (തമിഴ് നാട്) മൂന്നാറിൽ നിന്ന് 140 കി. മീ.
ഭൂപട സൂചികഅക്ഷാംശം : 10.124442, രേഖാംശം : 77.24448