കേരളത്തിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ പ്രസിദ്ധമായ സ്ഥലമാണ് മൂന്നാർ. ഇവിടത്തെ സുഖകരമായ കാലാവസ്ഥയിൽ ആകൃഷ്ടരായി നൂറ്റാണ്ടുകൾക്കു മുൻപ് തന്നെ വിദേശികൾ ഇവിടം താവളമാക്കിയിരുന്നു. മൂന്നാറിന്റെ ഭാഗമാണ് പരിസ്ഥിതി പ്രാധാന്യമേറെയുളള ജൈവമണ്ഡലമായ ഇരവികുളം ദേശീയോദ്യാനം. വംശനാശ ഭീഷണി നേരിടുന്ന വരയാടുകളുടെ ആവാസകേന്ദ്രമാണിവിടം. ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലാണ് ഇരവികുളം ദേശീയ ഉദ്യാനം. പന്ത്രണ്ടു വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞി കാണാനും സഞ്ചാരികൾ എവിടെ എത്താറുണ്ട്. 2030-ലാണ് ഇനി നീലക്കുറിഞ്ഞി പൂക്കുക.
ദക്ഷിണ ഭാരതത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടി (2695 meter) ഇരവികുളം ഉദ്യാനത്തിലാണ്. 97ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്ന ഇരവികുളം ഉല്ലാസ യാത്രക്കും പ്രകൃതി സൗന്ദര്യം നുകരാനും അനുയോജ്യമായ പ്രദേശമാണ്. ഇരവികുളത്തെ എക്കോ പോയിന്റ്, രാജമല എന്നിവിടങ്ങളിലാണ് സഞ്ചാരികൾ കൂട്ടമായി എത്താറുളളത്. രാജമല വരെ മാത്രമേ സന്ദർശനത്തിന് അനുവാദമുള്ളൂ. വരയാടുകളെ കൂടുതലായി കാണാനാകുന്ന സ്ഥലമാണ് രാജമല. വരയാടുകളുടെ പ്രജനനകാലമായ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഇരവികുളം ദേശീയോദ്യാനത്തിലേക്ക് സന്ദർശകർക്ക് പ്രവേശനമുണ്ടായിരിക്കില്ല.
അപൂർവഗണത്തിലുളള സസ്യജാലങ്ങളാണ് ഇരവികുളത്തിന്റെ സവിശേഷത. ചോലവനങ്ങളും പുൽമേടുകളും നിറഞ്ഞ ഉയരം കൂടിയ പ്രദേശങ്ങളിലേക്ക് ഔദ്യോഗിക വാഹനങ്ങളിലാണ് സന്ദർശകരെ കൊണ്ടു പോവുക. അപൂർവ്വമായ ഓർക്കിഡുകളും, കാട്ടുപൂക്കളും, കുറിഞ്ഞികളും നിറഞ്ഞ വഴിയിൽ കാട്ടുപോത്ത്, കരിങ്കുരങ്ങ് തുടങ്ങിയ മൃഗങ്ങളെയും കാണാം.
രാവിലെ 7 മുതൽ വൈകീട്ട് 6 വരെ
വിശദ വിവരങ്ങൾക്ക്വൈൽഡ് ലൈഫ് വാർഡൻ
മൂന്നാർ, ഇടുക്കി - 685612
ഫോൺ : + 91 4865 231587
മൊബൈല്‍: 94479 79093
ഇ-മെയില്‍: ww-munnar@forest.kerala.gov.in
വെബ്‌സൈറ്റ്: www.eravikulam.org
അടുത്തുളള റെയിൽവേ സ്റ്റേഷൻ : ആലുവ 109 കി.മീ, അങ്കമാലി 108 കി.മീ.. | അടുത്തുളള
വിമാനത്താവളം : മധുര അന്താരാഷ്ട്ര വിമാനത്താവളം (തമിഴ് നാട് ) 142 കി.മീ, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം 150 കി.മീ.
അക്ഷാംശം: 10.196, രേഖാംശം: 77.004318