ഫോര്‍ട്ട് കൊച്ചിയിലേക്കുള്ള യാത്രകള്‍ ചരിത്രത്തിലേക്കുള്ള യാത്ര കൂടിയാണ്. വിവിധ കാലഘട്ടങ്ങളിലായി ഇവിടം വാണ വ്യത്യസ്ത വിഭാഗങ്ങളുടെ സംസ്കാരങ്ങള്‍ ഇടകലര്‍ന്ന് ഇന്നും നിലനില്‍ക്കുന്ന സ്ഥലം.
കെ.ജെ. ഹെര്‍ഷല്‍ റോഡിലൂടെ നടന്നാൽ ഇമ്മാനുവേല്‍ കോട്ടയുടെ ഭാഗങ്ങള്‍ കാണാം. 1503-ല്‍ പണി തീര്‍ത്ത ഈ കോട്ട കൊച്ചി മഹാരാജാവും പോര്‍ച്ചുഗീസ് രാജവംശവുമായുള്ള തന്ത്രപരമായ സഖ്യത്തിന് സാക്ഷ്യം വഹിക്കുന്നു. കുറച്ചു കൂടി മുന്നോട്ടു പോയാല്‍ ഡച്ച് ശവക്കോട്ടയാണ്, മറ്റൊരു കൊളോണിയല്‍ അവശിഷ്ടം. അതിനോട് ചേര്‍ന്ന് താക്കുര്‍ ഹൗസ്. ചായ ലേല രംഗത്തെ പ്രമുഖരായ താക്കൂര്‍ ആന്റ് കമ്പനിയുടേതാണ് ഇതിപ്പോള്‍. ബ്രിട്ടീഷ് ഭരണകാലത്ത് നാഷണല്‍ ബാങ്ക് ഓഫ് ഇന്ത്യയിലെ ഓഫീസര്‍മാരുടെ വാസസ്ഥലമായിരുന്നു ഇത്. നേരത്തേ ഇതിനെ കുന്നേല്‍ ബംഗ്ലാവ് എന്നു വിളിച്ചിരുന്നു.
മറ്റൊരു ആകര്‍ഷണ കേന്ദ്രമാണ് ഡേവിഡ് ഹാള്‍. ഡേവിഡ് കോഡര്‍ എന്ന പ്രസിദ്ധനായ ജൂത പ്രമുഖന്റെ പേരിലാണ് ഇതറിയപ്പെടുന്നത്. കേരളത്തിലെ സസ്യജാലങ്ങളെക്കുറിച്ചുള്ള ആദ്യത്തെ ആധുനിക ശാസ്ത്രപഠന ഗ്രന്ഥമായ ഹോര്‍ത്തുസ് മലബാറിക്കസ് രചിച്ച ഹെന്റിക് അഡ്രിയന്‍ വാന്‍ റീഡ് താമസിച്ചിരുന്നത് ഇവിടെയാണ്. ഇന്ത്യയിലെ ഏറ്റവും പഴയ യൂറോപ്യന്‍ പള്ളിയായ സെന്റ് ഫ്രാന്‍സിസ് പള്ളിയും ഇവിടെ അടുത്താണ്. 1503-ല്‍ പണിത ഈ പള്ളിയിലാണ് വാസ്‌കോ ഡ ഗാമയെ ആദ്യം അടക്കിയത്. തൊട്ടടുത്താണ് വാസ്‌കോ ഡ ഗാമ ചത്വരം. അതുമല്ലെങ്കില്‍ പിയേഴ്‌സ് ലെസ്ലി ബംഗ്ലാവിലേക്കു കടന്ന് കടല്‍ തീരത്തെ അഭിമുഖീകരിക്കുന്ന വരാന്തകള്‍ കാണാം.
വാസ്‌കോ ഡ ഗാമ താമസിച്ചിരുന്നതെന്ന് കരുതുന്ന വാസ്‌കോ ഹൗസ് തീര്‍ച്ചയായും കാണേണ്ട ഒരിടമാണ്. കൊച്ചിയിലെ ഏറ്റവും പഴയ പോര്‍ച്ചുഗീസ് കെട്ടിടങ്ങളില്‍ ഒന്നാണിത്. ചരിത്രങ്ങള്‍ക്കു സാക്ഷ്യങ്ങളായ പഴയ ബിഷപ്പ് ഹൗസും സന്ദര്‍ശകര്‍ക്കു കൗതുകമാവും. വലിയ ഗോഥിക് ശൈലിയിലുള്ള ദീര്‍ഘ വൃത്താകാരമായ ആര്‍ച്ചുകള്‍ ഇതിന്റെ സവിശേഷതയാണ്. കൊച്ചി ഭദ്രാസനത്തിലെ 27-ാമത്തെ ബിഷപ്പായ ഡോം ജോസ് ഗോമസ് ഫെരേരയാണ് ഇത് പള്ളിക്കായി വാങ്ങിയത്. ഫോര്‍ട്ടു കൊച്ചിയിലെ പല തെരുവുകള്‍ക്കും ആധുനികയുഗത്തിന്റെ സഞ്ചാര വേഗങ്ങളില്ല. തെരുവും, വില്പനശാലകളും, സന്ദര്‍ശകരും നാട്ടുകാരും പതിഞ്ഞ വേഗത്തില്‍ അവരവരുടെ സമയം തേടുന്നതു പോലെ.
അടുത്തുളള റെയില്‍വേസ്‌റ്റേഷന്‍ : എറണാകുളം, ഒന്നര കീ. മീ.
വിമാനത്താവളം : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, 30 കി.മീ.
അക്ഷാംശം : 9.964793 രേഖാംശം : 76.242943
ഭൂപടം