കൊച്ചിയുടെ ഭരണകര്‍ത്താക്കളായിരുന്ന രാജാക്കന്മാരുടെ ഔദ്യോഗിക വസതിയായിരുന്നു എറണാകുളത്തു നിന്ന് 10 കി. മീ. അകലെ തൃപ്പൂണിത്തുറയിലുള്ള കുന്നിന്മേല്‍ കൊട്ടാരം എന്നറിയപ്പെടുന്ന ഹില്‍പാലസ്. 1865-ല്‍ പണിതീര്‍ത്ത ഈ കൊട്ടാരം രാജകുടുംബത്തില്‍ നിന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത ശേഷം സംസ്ഥാനത്തെ ആദ്യത്തെ പുരാവസ്തു മ്യൂസിയമാക്കി മാറ്റുകയായിരുന്നു - ഹില്‍പാലസ് കൊട്ടാരം. അങ്ങനെ സംസ്ഥാനത്തെ ആദ്യത്തെ പൈതൃക മ്യൂസിയമായി. 49-ഓളം കെട്ടിടങ്ങളുടെ സമുച്ചയമാണ്. ചുറ്റും റോഡുകളും വന്മരങ്ങള്‍ നിറഞ്ഞ വലിയ തോട്ടവും വലയം ചെയ്യുന്നതാണ് ഈ കൊട്ടാരവളപ്പ്. പുരാതന കേരളീയ വാസ്തുവിദ്യയും വിദേശശൈലിയും ഒത്തുചേര്‍ന്നതാണ് നിര്‍മ്മാണരീതി. തട്ടു തട്ടായി തിരിച്ച 52 ഏക്കറോളം വരുന്ന ഉദ്യാനം മ്യൂസിയത്തിന്റെ സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നു.
പഴയ കാലത്തെ ഓര്‍മ്മിപ്പിക്കുന്ന എണ്ണച്ചായ ചിത്രങ്ങള്‍, ചുവര്‍ ചിത്രങ്ങള്‍, ശില്പങ്ങള്‍, താളിയോലകള്‍, കൊച്ചി മഹാരാജാക്കന്മാരുടെ അമൂല്യമായ വസ്തുക്കള്‍, രാജ സിംഹാസനങ്ങള്‍ എന്നിവ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കിഴക്കനേഷ്യയില്‍ നിന്ന് നൂറ്റാണ്ടുകള്‍ക്കു മുമ്പ് എത്തിയ പുരാതന സെറാമിക് സൃഷ്ടികള്‍, കേരളത്തിന്റെ നരവംശ ചരിത്രത്തിലെ നാഴിക കല്ലുകളായ കുടക്കല്ല്, തൊപ്പിക്കല്ല്, വെട്ടുകല്ലില്‍ തീര്‍ത്ത ഓര്‍മ്മ സ്തംഭങ്ങള്‍, പഴയ സംസ്കൃതിയുടെ അവശിഷ്ടങ്ങളായ മരത്തില്‍ തീര്‍ത്ത വസ്തുക്കള്‍ തുടങ്ങി ഇന്‍ഡസ് വാലിയിലെയും ഹാരപ്പന്‍ സംസ്കൃതിയുടെയും അവശിഷ്ടങ്ങളുടെ മാതൃകകള്‍ വരെ ഇവിടെ കാണാം. ആധുനിക കലാസൃഷ്ടികളുടെ ഒരു ഗ്യാലറിയും ഇതിനൊപ്പം ഒരുക്കിയിട്ടുണ്ട്. കേരളത്തിന്റെ പൈതൃകം വെളിവാക്കുന്ന ഈ മ്യൂസിയം മലയാളികളുടെ അഭിമാനം കൂടിയാണ്.
രാവിലെ 9.00 മുതല്‍ 12.30 വരെ, ഉച്ചയ്ക്ക് 2.00 മുതല്‍ 4.30 വരെ. തിങ്കളാഴ്ച ഒഴികെ എല്ലാ ദിവസവും തുറക്കും.
ടിക്കറ്റ് നിരക്ക്മുതിര്ന്നവര് - 30 രൂപ, കുട്ടികള്‍ (5 - 12) - 10 രൂപ
കുട്ടികളുടെ പാര്ക്ക്വൈകിട്ട് 6 വരെ തുറന്നിരിക്കും.
വിശദ വിവരങ്ങൾക്ക്+91 484 2781113
എങ്ങനെ എത്താംഅടുത്തുളള റെയില്‍വേ സ്റ്റേഷന്‍ : എറണാകുളം, 10 കി. മീ.
വിമാനത്താവളം : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, 33 കി. മീ.
അക്ഷാംശം : 9.953634 രേഖാംശം : 76.361446