ആകര്‍ഷണങ്ങള്‍ : കൊട്ടാരം, നാടന്‍ കലാ മ്യൂസിയം, നാണ്യശേഖര മ്യൂസിയം
സന്ദര്‍ശന സമയം : 09:00 - 17:00 മണിവരെ, എല്ലാ ദിവസവും തിങ്കള്‍ ഒഴികെ.
വേണാട് രാജവംശത്തിലെ ഉമയമ്മ റാണിക്കു വേണ്ടി 1677 - 1684 കാലത്ത് നിര്‍മ്മിച്ചതാണ് നെടുമങ്ങാട്ടെ കോയിക്കല്‍ കൊട്ടാരം. ഇന്ന് നാടന്‍ കലാമ്യൂസിയം, പുരാതന നാണ്യശേഖര മ്യൂസിയം എന്നിവയ്ക്കു പ്രസിദ്ധമാണ്. കേരളത്തിന്റെ പൗരാണിക ചരിത്രത്തിലേക്കു വെളിച്ചം വീശുന്നതാണ് ഇവിടത്തെ പുരാവസ്തു ശേഖരം. വള്ളത്തിന്റെ ആകൃതിയില്‍ വളഞ്ഞ മേല്‍ക്കൂരയുള്ള രണ്ടു നിലകളുള്ള കെട്ടിടമാണ് ഈ കൊട്ടാരം. 1992-ലാണ് ഇവിടെ നാടന്‍കലാ മ്യൂസിയം ആരംഭിച്ചത്. കേരളത്തില്‍ ഉപയോഗിച്ചിരുന്ന സംഗീതോപകരണങ്ങള്‍, നിത്യോപയോഗ വസ്തുക്കള്‍, നാടന്‍കലകളുടെ മാതൃകകള്‍, അവയുടെ വേഷവിധാനങ്ങളും ആഭരണങ്ങളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ചന്ദ്രവളയം എന്ന സംഗീത ഉപകരണം കേരളത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത് ഇവിടെ മാത്രമാണ്. രാമകഥാപ്പാട്ട് അവതരിപ്പിക്കുമ്പോള്‍ താളമിടാന്‍ ഉപയോഗിക്കുന്നതാണ് ഈ ചന്ദ്രവളയം. ഭഗവാന്‍ ശ്രീരാമന്റെ കഥ നാടന്‍പാട്ടു രൂപത്തില്‍ ചൊല്ലി അവതരിപ്പിക്കുന്ന വാമൊഴി കലാരൂപമാണ് രാമകഥാപ്പാട്ട്. തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങള്‍ പണ്ടു കാലത്ത് ഉപയോഗിച്ചു വന്ന ആടയാഭരണങ്ങളും പട്ടുവസ്ത്രങ്ങളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. താളിയോലകളുടെ ശേഖരവും പ്രദര്‍ശനത്തിനുണ്ട്. കേരളത്തിന്റെ പുരാതനവാണിജ്യ ബന്ധവും, തനതു നാണയവ്യവസ്ഥയുടെ ചരിത്രവും വ്യക്തമാക്കുന്ന, കേരളത്തില്‍ നിന്നു ലഭിച്ച പുരാതന നാണയങ്ങളുടെ ശേഖരമാണ് ന്യൂമിസ്മാറ്റിക്‌സ് മ്യൂസിയത്തില്‍. കേരളത്തിന്റെ തന്നെ പഴയ നാണയങ്ങളായ ഒറ്റപുത്തന്‍, ഇരട്ട പുത്തന്‍, കലിയുഗരായന്‍ പണം എന്നിവ ഇവിടെ കാണാം. യേശു ക്രിസ്തുവിനു സമ്മാനിക്കപ്പെട്ടു എന്നു പ്രസിദ്ധമായ (ബൈബിളില്‍ വിവരിച്ചിട്ടുള്ള) അമൈദ എന്ന നാണയവും ഈ ശേഖരത്തിലുണ്ട്. 2500 വര്‍ഷം പഴക്കമുള്ള ഹര്‍ഷന്റെ കാലത്തെ നാണയങ്ങള്‍, രാശി (ലോകത്തെ ഏറ്റവും ചെറിയ നാണയം), റോമാ സാമ്രാജ്യത്തില്‍ നിലവിലുണ്ടായിരുന്ന നാണയങ്ങള്‍, ഇന്ത്യയില്‍ മറ്റു രാജവംശങ്ങളും. ലോകമാകെയുള്ള പഴയ രാജഭരണകൂടങ്ങളും ഉപയോഗിച്ചതും ആയ നാണയങ്ങള്‍ മ്യൂസിയത്തില്‍ കാണാം. ഇവയെല്ലാം കേരളത്തില്‍ നിന്നു ലഭിച്ചവയാണ്. കേരളത്തിന്റെ പുരാതനകാലത്തെ വാണിജ്യവ്യാപ്തി സൂചിപ്പിക്കുന്നവയാണിവയെല്ലാം.
അടുത്തുളള റെയില്‍വേ സ്റ്റേഷന്‍ : തിരുവനന്തപുരം, 18 കി. മീ. വിമാനത്താവളം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം, 24 കി. മീ.
ഭൂപട സൂചികഅക്ഷാംശം : 8.61361 രേഖാംശം : 77.00243