ഫോര്‍ട്ടുകൊച്ചിയുടെ തെക്കു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന കൊച്ചു ദ്വീപാണ് കുമ്പളങ്ങി. ഈ ദ്വീപിനെ മാതൃകാ മീന്‍പിടുത്ത ഗ്രാമവും വിനോദസഞ്ചാരികളുടെ സ്വപ്‌നലക്ഷ്യവുമാക്കി മാറ്റാനുള്ള പദ്ധതിയാണ് കുമ്പളങ്ങി ഇന്റഗ്രേറ്റഡ് ടൂറിസം വില്ലേജ് പ്രോജക്ട്. രാജ്യത്തെ തന്നെ ഇത്തരത്തിലുളള ആദ്യത്തെ പദ്ധതിയാണിത്. ചെമ്മീന്‍കെട്ടും പാടവും ബണ്ടും കൈത്തോടുകളും തെങ്ങും മനോഹരമാക്കുന്ന ഈ ഗ്രാമത്തിന്റെ പ്രധാന ഉപജീവന മാര്‍ഗ്ഗം കൃഷിയും മീന്‍പിടുത്തവും ആണ്. അത് അതേപടി സഞ്ചാരികള്‍ക്കായി ചെത്തി മിനുക്കിയെന്നതാണ് കുമ്പളങ്ങിയുടെ വിജയത്തിന്റെ രഹസ്യം.
കുമ്പളങ്ങിയുടെ ചുറ്റും കായലാണ്. ദ്വീപില്‍ എവിടെ നോക്കിയാലും ചീനവലകള്‍ കാണാം. കണ്ടലുകളുടെ ഒരുനിര ഗ്രാമത്തെ വെള്ളത്തില്‍ നിന്നു വേര്‍തിരിക്കുന്നു. ചെമ്മീന്‍, ഞണ്ട്, വിവിധതരം കക്ക, ചെറുമീനുകള്‍ എന്നിവയുടെ പ്രജനന സങ്കേതങ്ങളാണ് ഈ കണ്ടല്‍കാടും കൈത്തോടുകളും വയലുകളും ചേര്‍ന്ന ഭൂമി.
തൊട്ടടുത്തുള്ള പള്ളുരുത്തിയും ഇതേ മാതൃകയില്‍ വികസിച്ചു വരുന്നു. തലമുറകളായി കൈമാറി വന്ന ജീവിതരീതി പിന്തുടരുന്ന ഗ്രാമീണ ജീവിതം ഇപ്പോഴും ഈ തീരദേശഗ്രാമങ്ങളില്‍ ഇല്ലാതായിട്ടില്ല. മത്സ്യബന്ധന ഉപകരണങ്ങളും കരകൗശല വസ്തുക്കളും പ്രദര്‍ശിപ്പിക്കുന്ന കലാഗ്രാമം കലാകാരന്മാരുടെ ഗ്രാമമാണ്. ചൂണ്ടയിട്ട് മീന്‍ പിടിക്കുന്നത് ഇവിടെ എത്തുന്ന സന്ദര്‍ശകരുടെ ഹരമാണ്. ഗ്രാമത്തിലെ മിക്ക വീടുകളും ഹോംസ്‌റ്റേകളായി മാറിയിട്ടുണ്ട്. സന്ദര്‍ശകര്‍ക്ക് ഇവരുമായി ബന്ധപ്പെട്ട് താമസം ഉറപ്പാക്കാം.
അടുത്തുളള റെയില്‍വേ സ്റ്റേഷന്‍ : എറണാകുളം, 14 കി. മീ. വിമാനത്താവളം : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, 46 കി. മീ.
ഭൂപട സൂചികഅക്ഷാംശം : 9.874834 രേഖാംശം : 76.285515