തിരുവനന്തപുരത്ത് ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിനു അടുത്താണ് കേരളീയ വാസ്തു ശില്പകലക്ക് നിദര്‍ശനമായ കുതിരമാളിക കൊട്ടാരം. 1840-ല്‍ മഹാരാജാവായിരുന്ന സ്വാതി തിരുനാള്‍ ബാലരാമവര്‍മ്മയാണ് ഈ കൊട്ടാരം നിര്‍മ്മിച്ചത്. കര്‍ണ്ണാടക സംഗീതത്തിന് സ്വന്തം കൃതികളിലൂടെ സമൃദ്ധമായ സംഭാവന നല്‍കിയ സ്വാതി തിരുനാള്‍ നിര്‍മ്മിച്ച ഈ കൊട്ടാരത്തിനോടു ചേര്‍ന്ന നവരാത്രി മണ്ഡപത്തിലാണ് എല്ലാവര്‍ഷവും അദ്ദേഹത്തെ ഓര്‍മ്മിച്ച് നവരാത്രി സംഗീതോത്സവം നടത്തുന്നത്. നവരാത്രി മണ്ഡപം സ്ഥിതിചെയ്യുന്ന കെട്ടിടത്തിലൂടെയാണ് ഇന്ന് കുതിരമാളികയിലേക്കു പ്രവേശനം. ഒമ്പതു ദിവസവും സ്വാതി തിരുനാളിന്റെ ഒമ്പതു വിശിഷ്ട കൃതികള്‍ പ്രധാനമായവതരിപ്പിക്കുന്ന നവരാത്രി സംഗീതോത്സവത്തിലൂടെ കീര്‍ത്തി കേട്ട ഈ കൊട്ടാരം ഇന്നൊരു മ്യൂസിയം കൂടിയാണ്. വീട്ടി, തേക്ക്, മാര്‍ബ്ള്‍, കരിങ്കല്ല് എന്നിങ്ങനെ വ്യത്യസ്ത നിര്‍മ്മാണവസ്തുക്കളുടെ മനോഹരമായ സങ്കലനത്തിലൂടെ നാലുകെട്ടിന്റെ ശൈലിയില്‍ രണ്ടുനിലയില്‍ തീര്‍ത്തതാണ് ഈ കൊട്ടാരം. മരത്തില്‍ തീര്‍ത്ത 122 കുതിരമുഖമുള്ള ശില്പം ചാര്‍ത്തിയതാണ് ഇതിന്റെ കഴുക്കോലുകള്‍. അതുകൊണ്ടു തന്നെ കുതിരമാളിക എന്നു പേരും കിട്ടി. ഇന്ന് മ്യൂസിയമായും പ്രവര്‍ത്തിക്കുന്ന കൊട്ടാരത്തില്‍ മാര്‍ബ്ള്‍ ശില്പങ്ങള്‍, കഥകളി രൂപങ്ങള്‍, ബല്‍ജിയം കണ്ണാടികള്‍, നവോത്ഥാന ശൈലിയിലുള്ള ചിത്രങ്ങള്‍ എന്നിവയുടെ അമൂല്യശേഖരവുമുണ്ട്. കൊട്ടാരം നടന്നു കാണുന്നത് തന്നെ സഞ്ചാരികള്‍ക്ക് വിജ്ഞാനപ്രദവും മറ്റൊരു കാലത്തിലേക്കുളള തിരിഞ്ഞുനോട്ടവും ആണ്. ഇവിടെയുള്ള ഓരോ കാഴ്ചയുടെയും പ്രാധാന്യം വിവരിച്ചു തരാന്‍ സഹായികളും ഉണ്ട്.
സന്ദര്‍ശന സമയം08:30 - 13:00 മണിവരെയും 15:00 - 17:30 മണിവരെയും തിങ്കളാഴ്ച അവധി
വിശദ വിവരങ്ങൾക്ക്+ 91 471 2473952
എങ്ങനെ എത്താംഅടുത്തുളള റെയില്‍വേ സ്റ്റേഷന്‍ : തിരുവനന്തപുരം, 1 കി. മീ. | വിമാനത്താവളം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം, 6 കി. മീ.
ഭൂപട സൂചികഅക്ഷാംശം : 8.482517 രേഖാംശം : 76.945515