ആലപ്പുഴ ജില്ലയില്‍ വേമ്പനാട് കായലിന്റെ ഹൃദയ ഭാഗത്താണ് 'കേരളത്തിന്റെ നെല്ലറ' എന്നറിയപ്പെടുന്ന കുട്ടനാട് സ്ഥിതി ചെയ്യുന്നത്. ഇവിടെ വിളയുന്ന നെല്ലിന്റെ സമൃദ്ധിയാണ് ഈ പ്രദേശത്തിന് ഇങ്ങിനെയൊരു പേരു നല്‍കിയത്. ആലപ്പുഴ ജില്ലയുടെ കിഴക്കു ഭാഗത്ത് കായലില്‍ നിന്നു കുത്തിയെടുത്ത ചെളികൊണ്ട് ബണ്ടുകള്‍ കെട്ടി കായല്‍ പരപ്പിനു നടുവില്‍ തീര്‍ക്കുന്ന വെള്ളം കുറഞ്ഞ ഭാഗത്താണ് കൃഷി ഇറക്കുന്നത്. കായല്‍ ജലനിരപ്പ് പാടത്തിനകത്തെ ജലനിരപ്പിനേക്കാള്‍ വളരെ ഉയരത്തിലാണ്. കായല്‍ ജലപരപ്പില്‍ നിന്നു രണ്ടു മീറ്റര്‍ വരെ താഴെയാണ് ബണ്ടിനകത്ത് കൃഷിയിറക്കുന്ന ഭൂമി. പുരവഞ്ചികളില്‍ കായല്‍ പരപ്പിലൂടെയുള്ള സവാരിയില്‍ പാടങ്ങളും ഇടക്കിടെയുള്ള ജനവാസ സ്ഥലങ്ങളും ബണ്ടിനു മുകളിലെ ആള്‍പാര്‍പ്പും കുട്ടനാട്ടിലെ ജീവിത രീതിയും കാണാനാകും. നാലു പ്രമുഖ നദികളാണ് കുട്ടനാട്ടില്‍ വേമ്പനാട് കായലിലേക്കു ഒഴുകിയെത്തുന്നത് - പമ്പ, മീനച്ചില്‍, അച്ചന് കോവില്‍, മണിമല എന്നിവ.
കുട്ടനാട്ടിനെ രണ്ടായി മുറിച്ച് പടിഞ്ഞാറ് ആലപ്പുഴയും കിഴക്ക് ചങ്ങനാശ്ശേരിയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് ആലപ്പുഴ - ചങ്ങനാശ്ശേരി റോഡ്. ഈ റോഡിലൂടെ സഞ്ചരിച്ചാല്‍ ഇരുവശത്തേയും ഗ്രാമ്യഭംഗിയും മാറുന്ന നാട്ടിന് പുറങ്ങളും കാണാം. ഈ ഗ്രാമങ്ങളിലേക്കു സഞ്ചാരികള്‍ക്ക് കടന്നു ചെല്ലാം. വിളവെടുപ്പ് കാലത്ത്, നെല്ല് കൊയ്യുന്ന സമയത്ത് പാടത്ത് കൃഷിക്കാരെയും കര്‍ഷക തൊഴിലാളികളെയും കണ്ട് അവരുടെ രീതിയും മനസ്സിലാക്കാം. പാടങ്ങള്‍ കൃഷിയുടെ മാത്രമല്ല വിവിധതരം പക്ഷികളുടെയും മറ്റ് ചെറു ജീവികളുടെയും ആവാസ വ്യവസ്ഥ കൂടിയാണ്. പാടങ്ങളിലും അതിനെ ചുറ്റി ഉള്ള തോടുകളിലും ദേശാടനപക്ഷികളെ യഥേഷ്ടം കാണാം, മറ്റ് ജലപക്ഷികളെയും കാണാനാകും. കുട്ടനാട്ടിലെ ബണ്ടുകളില്‍ തെങ്ങിന്റെ സമൃദ്ധി, കള്ളിനും തേങ്ങക്കും വേണ്ടിയുള്ള തെങ്ങു കൃഷി കര്ഷകന് ആദായകരമാകും. ബണ്ടുകളില്‍ ഉള്ള കള്ള് ഷാപ്പുകളില്‍ നല്ല മത്സ്യ വിഭവങ്ങളും മറ്റു ഭക്ഷണങ്ങളും ലഭിക്കും. പുരവഞ്ചിയില്‍ സവാരി നടത്തിയോ, സാധാരണ ബോട്ടില്‍ സഞ്ചരിച്ചോ സഞ്ചാരികള്‍ക്ക് കുട്ടനാട്ടിനെ അനുഭവിക്കാം.
അടുത്തുളള റെയില്വേസ്റ്റേഷന് : ആലപ്പുഴ വിമാനത്താവളം : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, 85 കി. മീ.
ഭൂപട സൂചികഅക്ഷാംശം : 9.355408 രേഖാംശം : 76.404047
മറ്റ് സ്ഥലവിവരങ്ങൾകടല് നിരപ്പില്‍ നിന്നു 2 മീറ്റര്‍ താഴെ.