സന്ദര്‍ശന സമയം : എല്ലാ ദിവസവും 10.00 - 17.00 വരെ തിങ്കളാഴ്ച അവധി.
ഡച്ച് പാലസ് എന്നിയപ്പെടുന്ന മട്ടാഞ്ചേരി കൊട്ടാരം കേരളീയ, കൊളോണിയല്‍ വാസ്തുശൈലിയില്‍ തീര്‍ത്ത മനോഹരമായ ഒരു ചരിത്ര സ്മാരകമാണ്. എറണാകുളത്തു നിന്ന് 12 കി. മീ. അകലെ മട്ടാഞ്ചേരിയിലാണിത്. കൊച്ചി മഹാരാജാവായ വീര കേരളവര്‍മ്മയ്ക്കു സമ്മാനമായി നല്‍കാന്‍ 1545-ല്‍ പോര്‍ട്ടുഗീസുകാരാണ് ഈ കൊട്ടാരം നിര്‍മ്മിച്ചത്. നൂറു വര്‍ഷത്തിനു ശേഷം കൊച്ചിയില്‍ സ്വാധീനമുറപ്പിച്ച ഡച്ചുകാര്‍ ശ്രദ്ധേയമായ അറ്റകുറ്റപ്പണികള്‍ നടത്തിയതിനാല്‍ ഇതിനെ ഡച്ചു കൊട്ടാരമെന്നാണ് പിന്നീട് വിളിച്ചു വരുന്നത്. മധ്യത്തില്‍ പരമ്പരാഗത രീതിയിലുള്ള നാലുകെട്ടും, നീണ്ട അകത്തളങ്ങളും ഇരട്ട നിലകളുമുള്ള വലിയ നിര്‍മ്മിതിയാണിത്. കൊച്ചി രാജകുടുംബത്തിന്റെ പരദേവതയായ പഴയന്നൂര്‍ ഭഗവതിയെ ഈ കൊട്ടാരത്തിലെ പൂജാമുറിയില്‍ കുടിയിരുത്തിയിട്ടുണ്ടെന്നാണ് വിശ്വാസം.
ചുവര്‍ ചിത്രങ്ങളാല്‍ സമ്പന്നമാണ് ഈ കൊട്ടാരത്തിലെ വിശാലമായ മുറികള്‍. രാമായണം, മഹാഭാരതം എന്നീ ഇതിഹാസങ്ങളിലെ കഥാസന്ദര്‍ഭങ്ങളും ഗുരുവായൂര്‍ ക്ഷേത്രത്തിലെ ശ്രീകൃഷ്ണ വിഗ്രഹവും കേരളീയ ചുവര്‍ചിത്ര ശൈലിയില്‍ ആവിഷ്ക്കരിച്ചിട്ടുണ്ട്. കാളിദാസ നാടകമായ കുമാരസംഭവത്തിലെ ദൃശ്യങ്ങളും ഇവിടെ ആലേഖനം ചെയ്തിട്ടുണ്ട്. ഏകദേശം 300 ചതുരശ്രമീറ്റര്‍ വിസ്തൃതിയുണ്ട് ഈ ചുവര്‍ ചിത്രങ്ങള്‍ക്ക്. 1864 മുതല്‍ കൊച്ചി വാണ രാജാക്കന്മാരുടെ എണ്ണച്ചായ ചിത്രങ്ങള്‍, വാളുകള്‍, കൊത്തുപണി ചെയ്ത പിടികളോടു കൂടിയ കഠാരകള്‍ തുടങ്ങി കിരീടാരോഹണ ചടങ്ങുകള്‍ക്കും മറ്റും ഉപയോഗിക്കുന്ന അലംകൃതമായ കുന്തങ്ങള്‍, വെഞ്ചാമരങ്ങള്‍ എന്നിവയും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. രാജാവുപയോഗിച്ചിരുന്ന തലപ്പാവുകള്‍, കിരീടങ്ങള്‍, കൊച്ചി രാജവംശത്തിന്റെ കമ്മട്ടത്തിലടിച്ച നാണയങ്ങള്‍, കൊച്ചിക്കായി ഡച്ചുകാര്‍ തയ്യാറാക്കിയ വികസന പദ്ധതിയുടെ രേഖാചിത്രങ്ങള്‍ എന്നിവയും ഇവിടെ കാണാം.
അടുത്തുളള റെയില്‍വേസ്റ്റേഷന്‍ : എറണാകുളം, 10 കി.മീ. | വിമാനത്താവളം : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, 42 കി. മീ.
ഭൂപട സൂചികഅക്ഷാംശം : 9.958241 രേഖാംശം : 76.259272