പശ്ചിമ ഘട്ടങ്ങളുടെ ഉയര്‍ന്ന പ്രദേശങ്ങളായ പുല്‍മേടുകളിലും ഷോലക്കാടുകളിലും കാണപ്പെടുന്ന ഒരു പുഷ്പിത സസ്യമാണ് കുറിഞ്ഞി. കുറിഞ്ഞി വിഭാഗത്തില്‍ 40-ഓളം സസ്യ ഇനങ്ങള്‍ ഉണ്ടെങ്കിലും സ്‌ട്രൊബിലാന്തസ് കുന്തിയാന എന്നു വിളിക്കുന്ന നീലക്കുറിഞ്ഞിയാണ് സമൃദ്ധവും ഏറ്റവും പ്രമുഖവും. പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന ഈ കുറ്റിച്ചെടി മൂന്നാര്‍ മലനിരകളുടെ പ്രതീകമായി കഴിഞ്ഞു.
നീലഗിരിക്കുന്നുകളിലും കൊഡൈക്കനാല്‍ മേഖലയിലും നീലക്കുറിഞ്ഞികള്‍ സമൃദ്ധമായി കാണാം. വരയാടുകളുടെ സംരക്ഷണത്തിനായി നിലവില്‍ വന്ന ഇരവികുളം ദേശീയോദ്യാനവുമായി ഇവിടം ഇഴ പിരിയാത്ത വിധം ബന്ധപ്പെട്ടു കഴിഞ്ഞു. മൂന്നാര്‍ - നീലക്കുറിഞ്ഞിയുടെ സ്വര്‍ഗ്ഗലോകം എന്നതു ഒരു അപരനാമമായി മാറിക്കഴിഞ്ഞു. 2018-ലായിരുന്നു നീലക്കുറിഞ്ഞികളുടെ പൂവിടല്‍. ഇനി 2030-വരെ കാത്തിരിക്കണം അടുത്ത നീലവസന്തത്തിനു. കുറിഞ്ഞി പൂക്കും കാലത്തും അല്ലാത്ത സമയത്തും മൂന്നാറിന്റെ പുല്‍മേടുകളും മലനിരകളും സന്ദര്‍ശകര്‍ക്ക് എന്നും പ്രിയപ്പെട്ടതാണ്.
ടോപ് സ്റ്റേഷന്‍, ദേവികുളം, പൂപ്പാറ, കുണ്ടള, മാട്ടുപ്പെട്ടി, കൊളുക്കുമല, മറയൂര്‍, കടവരി പ്രദേശങ്ങള്‍ സന്ദര്‍ശകരെ എന്നും ആകര്‍ഷിക്കുന്നു. നീലഗിരി താര്‍ എന്ന വരയാടിന്റെ സംരക്ഷണത്തിനായി നിലവില്‍ വന്ന ഇരവികുളം ദേശീയോദ്യാനവും അതിന്റെ വിനോദ സഞ്ചാര മേഖലയായ രാജമലയും ഏതു കാലാവസ്ഥയിലും ആയിരങ്ങളെ ആകര്‍ഷിക്കുന്നു. നീലക്കുറിഞ്ഞി പൂക്കുന്ന വാര്‍ഷിക കലണ്ടര്‍ സഞ്ചാരികളും പ്രകൃതി സ്‌നേഹികളും സസ്യശാസ്ത്രജ്ഞരും ആവേശത്തോടെ കാത്തിരിക്കുന്ന അവസരമാണ്. പുല്‍മേടുകള്‍ നീലക്കുറിഞ്ഞി പൂക്കളുടെ ശോഭയില്‍ നീലനിറമണിയും. മലഞ്ചെരിവുകളും ഷോലക്കാടുകളും നീലപ്പൂക്കളാല്‍ അലംകൃതമാകും. നീലക്കുറിഞ്ഞി പൂക്കുന്ന കാലത്ത് പ്രത്യേക യാത്രാ പദ്ധതികളും സാഹസിക നടത്തത്തിനുളള സൗകര്യങ്ങളും ലഭ്യമാകും.
അടുത്തുളള റെയില്‍വേ സ്റ്റേഷന്‍ : അങ്കമാലി, 109 കി. മീ., എറണാകുളം, 145 കി. മീ. | അടുത്തുളള വിമാനത്താവളം : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, 110 കി. മീ.
ഭൂപട സൂചികഅക്ഷാംശം : 10.095966 രേഖാംശം : 77.058392