വയനാട്ടിലേക്കുള്ള വാഹനയാത്ര താഴെ സമതലവും അരികെ മലകളും ദൃശ്യമാക്കുന്ന മനോഹര അനുഭവമാണ്, ഇടയ്ക്കിടെ വണ്ടി നിര്‍ത്തി ഇറങ്ങി പ്രകൃതിഭംഗി ആസ്വദിച്ച് കുളിര്‍കാറ്റേറ്റ് മുന്നോട്ടു പോകാം. വയനാട്ടിലെ ഉയർന്ന പ്രദേശമായ തെക്കന്‍ മേഖലയിലാണ് നീലിമല. ഇവിടെ നിന്നാല്‍ മനോഹരമായ മീന്‍മുട്ടി വെള്ളച്ചാട്ടം അകലെയായി കാണാം. ആളുകളെ ഇങ്ങോട്ട് ആകര്‍ഷിക്കുന്നതും ദൂരക്കാഴ്ചകള്‍ക്കു ഇരിപ്പിടമായ ഇത്തരം കൊടുമുടികള്‍ തന്നെ.
നീലിമലയിലേക്കുള്ള നടത്തം സാമാന്യം സാഹസികമായ ഒരു അനുഭവമാണ്. ലക്ഷ്യം പോലെ മനോഹരമാണ് ഈ നടത്തവും. ഇരുവശത്തുമുള്ള കാപ്പിത്തോട്ടങ്ങള്‍ പൂ മണവും തണുപ്പും തണലും നല്‍കി സഞ്ചാരികളെ വരവേൽക്കും. ഉയരങ്ങളോടടുക്കുമ്പോള്‍ പശ്ചിമ ഘട്ടമലനിരകളുടെ ഭംഗി മുന്നില്‍ തെളിഞ്ഞുവരും. മേഘങ്ങള്‍ നിങ്ങളെ ഉരുമ്മുന്നതായി തോന്നും, മൂടല്‍ മഞ്ഞ് പൊതിയുന്ന പാറക്കെട്ടുകളുടെ സ്വാഭാവിക ഭംഗി നിങ്ങളെ മറ്റൊരു ലോകത്തേക്കു നയിക്കും.
നീലിമല ഇന്നൊരു പ്രസിദ്ധ ഉല്ലാസകേന്ദ്രമാണ്. മുകളിലെത്തിയാല്‍ ജനക്കൂട്ടങ്ങളുടെ ആരവങ്ങളില്‍ നിന്ന് മാറി നില്‍ക്കാം. അകലെ ഉയരങ്ങളില്‍ നിന്നു ശബ്ദ കോലാഹലങ്ങളോടെ മീന്‍മുട്ടി ജലപാതം താഴേക്കു പതിക്കുന്നത് കണ്ടും കേട്ടും എല്ലാം മറക്കാം. വയനാട്ടിലേക്കുള്ള ഏതു യാത്രയും നീലിമലയുടെ സൗന്ദര്യം നുകരാതെ പൂര്‍ണ്ണമാവില്ല.
അടുത്തുളള റെയില്‍വേ സ്റ്റേഷന്‍ : കോഴിക്കോട്, 80 കി. മീ. | അടുത്തുളള വിമാനത്താവളം : കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം, 95 കി. മീ.
ഭൂപട സൂചികഅക്ഷാംശം : 11.534525 രേഖാംശം : 76.244373