തിരുവിതാംകൂര്‍ രാജാക്കന്മാരുടെ ഭരണകേന്ദ്രവും മഹാരാജാവിന്റെ വാസസ്ഥലവും ആയിരുന്നു പത്മനാഭപുരം കൊട്ടാരം. സംസ്ഥാന വിഭജനത്തില്‍ തമിഴ്‌നാട്ടില്‍ ആണ് ഇപ്പോഴിത്. തിരുവനന്തപുരത്തു നിന്ന് 65 കിലോമീറ്റർ അകലെ തക്കലയില്‍ ആണ് ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. മരവും കല്ലും ഉപയോഗിച്ചുളള കേരളീയ വാസ്തുകലയുടെ മനോഹര നിര്‍മ്മിതിയാണ് പത്മനാഭപുരം കൊട്ടാരം. പ്രവേശന ഗോപുരം കടന്നു വന്നാല്‍ കൊട്ടാരത്തിന്റെ തുടക്കമായ മുഖമണ്ഡപം ദാരുനിര്‍മ്മിതമായ ശില്പവേലയുടെ മികച്ച ഉദാഹരണമാണ്. മച്ചും തൂണുകളും കൊത്തുപണികളാല്‍ സമ്പന്നമാണ്. വീട്ടിയില്‍ തീര്‍ത്തതാണ് ഈ മുഖമണ്ഡപം. നാലു കെട്ടിന്റെ അടിസ്ഥാന മാതൃകയില്‍ നിരവധി പരിഷ്കാരങ്ങളോടെ ഇടനാഴികളും മാളികകളും വലിയ അകത്തളങ്ങളുമായി ഇന്നും പ്രൗഢിയോടെ തലയുയർത്തി നിൽക്കുന്നു ഈ കൊട്ടാരം.
കേരള സര്‍ക്കാരിന്റെ കീഴിലുള്ള കൊട്ടാരം പുരാവസ്തു വകുപ്പ് മികച്ച രീതിയിലാണ് സംരക്ഷിക്കുന്നത്. വാസ്തു നിര്‍മ്മിതികളുടെ സവിശേഷത, ചുവര്‍ചിത്രങ്ങളുടെ രൂപ ലാവണ്യം, സരസ്വതീ ദേവിക്കായി സമര്‍പ്പിച്ച സപ്തസ്വരം ഉതിര്‍ക്കുന്ന ശിലാസ്തംഭങ്ങളോടെയുള്ള സരസ്വതീ മണ്ഡപവും ക്ഷേത്രവും, അമ്മച്ചി കൊട്ടാരം, മഹാറാണിയുടെ ശയനമുറി തുടങ്ങി സന്ദര്‍ശകരെ വരവേല്‍ക്കുന്ന അത്ഭുതങ്ങള്‍ ഏറെയാണ്. തിരുവിതാംകൂര്‍ ചരിത്രത്തോടു ബന്ധപ്പെട്ട ഒരു മ്യൂസിയവും ഈ കൊട്ടാരത്തില്‍ കേരള പുരാവസ്തു വകുപ്പ് ഒരുക്കിയിട്ടുണ്ട്.
രാവിലെ 9:00 മുതല്‍ വൈകിട്ട് 17:00 വരെ (തിങ്കളാഴ്ച അവധി)
എങ്ങനെ എത്താംഅടുത്തുളള റെയില്‍വേ സ്റ്റേഷന്‍ : നാഗര്‍കോവില്‍ (തമിഴ്‌നാട്), 16 കി. മീ. | വിമാനത്താവളം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം, 52 കി. മീ.
ഭൂപട സൂചികഅക്ഷാംശം : 8.250608, രേഖാംശം : 77.326173