പൊന്മുടിയിലേക്കു ഒരു റോഡു യാത്ര ഏതു സമയത്തും ഉല്ലാസകരമാണ്. നഗരത്തിനടുത്ത് ഇത്ര ശാന്തവും പ്രകൃതിസുന്ദരവുമായ പ്രദേശം മറ്റെങ്ങും ഉണ്ടാകാനിടയില്ല. കടല്‍ തീരത്താണ് തിരുവനന്തപുരം നഗരം. എന്നാല്‍ പൊന്മുടിയിലേക്കുള്ള യാത്ര തുടങ്ങി അരമണിക്കൂര്‍ പിന്നിടേണ്ട, ഉയരം കൂടുന്ന ഭൂപ്രകൃതിയും ചെറുകുന്നുകളും പച്ചപ്പും തണുത്ത കാറ്റും സ്വാഗതം ചെയ്യും. പൊന്മുടിയിലേക്കുള്ള യാത്രയിലുളള ഇടത്താവളമാണ് കല്ലാര്‍. പൊന്മുടിയുടെ മലനിരകളില്‍ നിന്ന് ഉദ്ഭവിക്കുന്ന കല്ലാര്‍ സമതലങ്ങളിലേക്കു പ്രവേശിക്കുന്ന ഇടമാണിത്.
റോഡരികില്‍ നിന്നു കുറച്ചകലെയായി മീന്‍മുട്ടി വെള്ളച്ചാട്ടമുണ്ട്. കല്ലാറിന്റെ തീരംചേർന്നുളള നടപ്പാതയിലൂടെ ഒരു കിലോമീറ്ററോളം നടന്ന് പുഴ മുറിച്ചു കടന്നാൽ വെളളച്ചാട്ടം കാണാം. കല്ലാറില്‍ സന്ദര്‍ശകരെ കാത്തിരിക്കുന്ന ഒട്ടേറെ സുഖവാസകേന്ദ്രങ്ങളും ഉണ്ട്. സാഹസിക നടത്തത്തിനും കാട്ടിനുള്ളില്‍ തമ്പടിക്കാനും കല്ലാറില്‍ സാധ്യതകളുണ്ട്. പൊന്മുടിയില്‍ എത്തിച്ചേര്‍ന്നാലും സാഹസിക നടത്തത്തിന് കാട്ടുവഴികള്‍ നീളുന്നു. റോഡരികിലെ തിരക്കില്‍ നിന്ന് കാടിന്റെ ശാന്തതയിലേക്കു നീങ്ങിയാല്‍ കാട്ടുപൂക്കളും, ചിത്രശലഭങ്ങളും സന്ദര്‍ശകര്‍ക്കു കാഴ്ച്ചയാകും. വൈകിട്ടാവുമ്പോഴേക്കും മൂടല്‍മഞ്ഞു പരക്കുന്ന പൊന്മുടിയില്‍ താമസത്തിനും സൗകര്യങ്ങളുണ്ട്.
അടുത്തുളള റെയില്‍വേ സ്റ്റേഷന്‍ : തിരുവനന്തപുരം, 61 കി. മീ. | വിമാനത്താവളം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം, 67 കി. മീ.
ഭൂപടസൂചികഅക്ഷാംശം : 8.760902 രേഖാംശം : 77.110863
മറ്റു സ്ഥല വിവരങ്ങള്ഉയരം : 945 മീറ്റര്‍ കടല്‍ നിരപ്പില്‍ നിന്ന്.