ഹരിതസാന്ദ്രമായ മലഞ്ചെരിവുകളും താഴ്വാരങ്ങളുമാണ് മൂന്നാറിനെ സവിശേഷമാക്കുന്നത്. എന്നാൽ വട്ടവട ഗ്രാമം പ്രസിദ്ധമാകുന്നത് സമൃദ്ധമായ പച്ചക്കറിത്തോട്ടങ്ങളുടെ പേരിലാണ്. മൂന്നാറിൽ നിന്ന് കിഴക്ക്, 45 കിലോമീറ്റർ ദൂരെ തമിഴ്നാടിനോട് ചേർന്നുകിടക്കുന്ന ഈ ഗ്രാമത്തിൽ വിളയുന്നത് കേരളത്തിലെ തന്നെ മികച്ച കായ്കറികളാണ്.
സമുദ്രനിരപ്പിൽ നിന്ന് ആറായിരം അടി ഉയരത്തിലാണ് വട്ടവട സ്ഥിതിചെയ്യുന്നത്. വർഷം മുഴുവനും സുഖകരമായ കാലാവസ്ഥയായതിനാൽ തന്നെ ഇവിടെയെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിനും കുറവില്ല. കാടിനോടിട ചേർന്ന് പലവർണത്തിലുളള കൃഷിയിടങ്ങൾ ദൂരക്കാഴ്ച്ചയിൽ മനോഹരമായൊരു എണ്ണഛായാചിത്രം പോലെ തോന്നിക്കും. യൂക്കാലിപ്റ്റസ്, പൈൻവർഗത്തിൽ പെട്ട മരങ്ങൾ ധാരാളമുളള ഇവിടെ അപൂർവങ്ങളായ ചിത്രശലഭങ്ങളെയും കാണാം.
ഇവിടെനിന്ന് കൊടൈക്കനാല്‍, ടോപ്‌സ്റ്റേഷന്‍, മാട്ടുപ്പെട്ടി, കാന്തല്ലൂര്‍, മീശപ്പുലിമല എന്നിവിടങ്ങളിലേക്ക് ചെന്നെത്തുന്ന വഴികളുണ്ട്. പ്രകൃതിഭംഗി ആസ്വദിച്ചുളള നടത്തത്തിന് ഇതുപോലെ പറ്റിയൊരിടമില്ല. പൊതുവേ സന്ദര്‍ശകരോട് അനുഭാവം പുലര്‍ത്തുന്നവരാണ് തദ്ദേശീയർ. സ്വകാര്യ വിനോദയാത്രാ സംഘാടകര്‍ ജീപ്പ് സഫാരി, സാഹസിക ബൈക്കിംഗ്, കാട്ടിനകത്തെ താമസം എന്നിവയ്ക്ക് സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്.
ഗോത്രവർഗജനതയുടെ ആദിമകഥകളാണ് വട്ടവടയുടെ തനിമ. അവരുടെ ആചാരങ്ങൾ, കലാരൂപങ്ങൾ, നാട്ടുവൈദ്യം, ജീവിതരീതി എന്നിവയെല്ലാം കാലങ്ങളായി സഞ്ചാരികളെ ആകർഷിച്ചുകൊണ്ടേയിരിക്കുന്നു.
അടുത്തുളള റെയില്‍വേ സ്റ്റേഷന്‍ : എറണാകുളം ജംഗ്ഷന്‍, മൂന്നാറില്‍ നിന്ന് 130 കി. മീ. വിമാനത്താവളം : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, 110 കി. മീ. .
ഭൂപട സൂചികഅക്ഷാംശം : 10.179781 രേഖാംശം : 77.257862