പാലക്കാട് ജില്ലയിലെ നെന്മാറയിലെ നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിന്റെ തട്ടകത്തില്‍ ഓരോ വര്‍ഷവും ഗ്രാമങ്ങളുടെ ആഘോഷമായി ഒരുക്കുന്ന ഉത്സവമാണ് നെന്മാറ വല്ലങ്ങി വേല. അലങ്കാരപ്പന്തലുകളുടെ വര്‍ണ്ണവൈവിദ്ധ്യങ്ങള്‍, വെടിക്കെട്ട്, ഉത്സവത്തിലരങ്ങേറുന്ന കലാരൂപങ്ങള്‍ എന്നിവ കൊണ്ട് ശ്രദ്ധേയമാണ് നെന്മാറ വല്ലങ്ങി വേല.
നെല്ലിയാമ്പതി മലനിരകള്‍ക്കു താഴെ ചിറ്റൂര്‍ താലൂക്കിലെ പാടങ്ങളാണ് ഈ ഉത്സവത്തിന്റെ വേദി. നെന്മാറ ഗ്രാമക്കാരും വല്ലങ്ങി ഗ്രാമക്കാരും നടത്തുന്ന മത്സര ഒരുക്കങ്ങളാണ് വേലയുടെ ആകര്‍ഷണം. നെറ്റിപ്പട്ടം കെട്ടി, ആലവട്ട വെഞ്ചാമരങ്ങളും സ്വര്‍ണ്ണക്കുടകളും ചൂടിയ ആന എഴുന്നള്ളത്തില്‍ തുടങ്ങി, ഇരുകരക്കാരുടെയും എഴുന്നള്ളത്ത് അഭിമുഖം വന്നു നില്‍ക്കുന്ന പാടത്തെ പന്തലുകളില്‍ വരെ ഉണ്ട് ഈ മത്സരം.
നെല്ലിക്കുളങ്ങര ഭഗവതിയുടെ ജന്മദിനമായ മീനം 20-നാണ് പ്രധാന ഉത്സവം. നെന്മാറ ദേശത്തിനും വല്ലങ്ങി ദേശത്തിനും സ്വന്തം കാവുകളും അവിടെ പരദേവതകളുമുണ്ടെങ്കിലും ഇവര്‍ നെല്ലിക്കുളങ്ങര ക്ഷേത്രത്തിനു സമീപം വേലക്കായി അണിനിരക്കുന്നു. കുമ്മാട്ടി, കരിവേല, ആണ്ടിവേല എന്നീ നാടന്‍കലകളും ഈ സമയങ്ങളില്‍ അരങ്ങേറും. നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലേക്ക് രണ്ടു കരക്കാരുടെയും ആനകളോടെ ഉള്ള എഴുന്നള്ളിപ്പ് പന്തലിലെത്തി നിരന്ന ശേഷം നടക്കുന്ന പഞ്ചവാദ്യമാണ് ഉത്സവത്തിന്റെ പ്രധാന ആകര്‍ഷണം. സന്ധ്യയോടെ വലിയ വെടിക്കെട്ടും കരിമരുന്നു പ്രയോഗവും ഉണ്ടാവും.
എങ്ങനെ എത്താം
അടുത്തുള്ള റെയില്‍വേ സ്‌റ്റേഷന്‍ : പാലക്കാട് ടൗണ്‍, 27 കി. മീ. | അടുത്തുള്ള വിമാനത്താവളം : കോയമ്പത്തൂര്‍ (തമിഴ്‌നാട്) 55 കി. മീ.