കേരളം എന്ന പേരിനൊപ്പം ഇന്ന് ലോകമാകെ പ്രസിദ്ധമാണ് പുരവഞ്ചികള്‍ എന്നറിയപ്പെടുന്ന ഹൗസ്‌ബോട്ടുകള്‍. കേരളത്തിലെത്തുന്ന ഏതു സന്ദര്‍ശകനും വേറിട്ട അനുഭവമാകും പുരവഞ്ചിയില്‍ ഒരു കായല്‍യാത്ര. ഗ്രാമീണ ജീവിതം അടുത്തു കാണാനുളള അവസരമാണ് ഈ യാത്രയിലൂടെ ലഭിക്കുക. പഴയകാലത്ത് ചരക്കു കൊണ്ടു പോകാന്‍ ഉപയോഗിച്ചിരുന്ന വലിയ കെട്ടുവള്ളങ്ങളാണ് ഇന്നത്തെ പുരവഞ്ചികളുടെ മുന്‍ഗാമികള്‍. റോഡും ലോറികളും വന്നതോടെ ഇത്തരം കെട്ടുവള്ളങ്ങള്‍ സന്ദര്‍ശകര്‍ക്കായി രൂപം മാറി. ഒരു ആധുനിക വീട്ടില്‍ എന്തൊക്കെ സൗകര്യങ്ങളുണ്ടോ അവയൊക്കെ ഈ ജലയാനത്തിനുളളില്‍ ഒരുക്കിയിട്ടുണ്ട്. അഞ്ഞൂറോളം പുരവഞ്ചികളാണ് ഇന്ന് കേരളത്തിലെ കായലുകളില്‍ സഞ്ചാരികളെ കാത്തിരിക്കുന്നത്. പുരവഞ്ചികള്‍ നിര്‍മ്മിക്കാൻ പ്രാദേശികമായി കിട്ടുന്ന വസ്തുക്കളാണ് ഉപയോഗിക്കുന്നത്. ഇതില്‍ വിളമ്പുന്നതും കേരളീയ രുചികളാണ്. പല ബോട്ടുകളിലും കായലില്‍ നിന്ന് അപ്പോള്‍ പിടിക്കുന്ന മത്സ്യങ്ങളും വിഭവങ്ങളായെത്തും.
തിരുവനന്തപുരം വേളിക്കായല്‍, കൊല്ലം, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, കാസര്‍കോട് ജില്ലകളില്‍ പുരവഞ്ചികളില്‍ ജലയാത്രയ്ക്ക് സൗകര്യങ്ങളുണ്ട്. അതാത് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലുകള്‍ (DTPC) കളെ സമീപിച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും.
സഞ്ചാരികള്‍ക്ക് പുരവഞ്ചികള്‍ ബുക്ക് ചെയ്യാന്‍ ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ (DTPC) 'ട്രസ്റ്റഡ് സര്‍വ്വീസ്, ട്രസ്റ്റഡ് റേറ്റ്‌സ്' സംവിധാനം ഉപയോഗിക്കാം.
ആലപ്പുഴ - പുരവഞ്ചി പ്രീ പെയ്ഡ് കൗണ്ടര്‍ മൊബൈല്‍ - + 91 9400051796, 9447483308 ഫോണ്‍ - + 91 477 2251796, 2253308
DTPC-യുടെ അക്കൗണ്ടിലേക്ക് 2500 രൂപ ട്രാന്‍സ്ഫര്‍ ചെയ്ത് dtpcalpy@yahoo.com -ല്‍ ഇ-മെയ്ല്‍ അയച്ചാലും മതി. DTPC-യുടെ ബാങ്ക് അക്കൗണ്ട് നമ്പര്‍ A\c 10150100253203, Federal Bank, Mullackal Branch, Alappuzha. Bank Code FDRL0001015