ഭൂമിശാസ്ത്രപരമായി പ്രധാനമായും മൂന്നു വ്യത്യസ്ത പ്രദേശങ്ങളായി കേരളത്തെ വിഭജിക്കാം. കിഴക്കും തെക്കു വടക്കുമായി നീണ്ടു കിടക്കുന്നത് പശ്ചിഘട്ട മലനിരകളാണ്. ഇടയ്ക്ക് പാലക്കാട് ജില്ലയിലെ 20 കിലോമീറ്ററോളം വീതിയിലുള്ള പാലക്കാടന്‍ ചുരമൊഴികെ (പാലക്കാട് ഗ്യാപ്പ്) ബാക്കി ഭാഗങ്ങളിലായി പശ്ചിമഘട്ടത്തിന്റെ സാന്നിദ്ധ്യം കേരളത്തെ വ്യത്യസ്തമാക്കുന്നു. പശ്ചിമഘട്ടത്തില്‍ നിന്ന് പടിഞ്ഞാറോട്ട് ചെരിഞ്ഞുകിടക്കുന്ന ഭൂപ്രകൃതിയാണ് കേരളത്തിന്. പശ്ചിമഘട്ട കൊടുമുടികളില്‍ നിന്ന് ചാഞ്ഞിറങ്ങുന്ന മലനിരകള്‍ മദ്ധ്യത്തിലെത്തുമ്പോൾ ഇടനാടന്‍ കുന്നുകളായി രൂപം മാറുന്നു. ഇതിനും പടിഞ്ഞാറ് സമതലങ്ങളും കടൽത്തീരവുമാണ്. ഇങ്ങനെ വനസമ്പത്തും, പടിഞ്ഞാട്ട് ഒഴുകുന്ന നദികളും, അവ പരിപോഷിപ്പിക്കുന്ന കൃഷിഭൂമികളും, സമൃദ്ധമായ ഉൾനാടൻ ജലാശയങ്ങളും എല്ലാം ചേർന്ന് സമ്പന്നമാണ് കേരളത്തിന്റെ ഭൂപ്രകൃതി.