അപ്പവും ചിക്കൻ സ്റ്റൂവുമെന്നു കേട്ടാൽത്തന്നെ മലയാളിയുടെ വായിൽ വെളളമൂറും. മൊരിഞ്ഞ അരികുകളുളള മൃദുവായ അപ്പവും മസാലയുടെ ഗന്ധം പറക്കുന്ന ചൂടുളള ചിക്കൻ സ്റ്റൂവും കേരളീയ വിഭവങ്ങളിൽ പ്രധാനിയാണ്.
അപ്പം ഉണ്ടാക്കാനാവശ്യമായ സാധനങ്ങൾ
പച്ചരി - അരക്കിലോ
ചിരകിയ തേങ്ങ - ഒന്ന്
യീസ്റ്റ് - അര ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
പഞ്ചസാര - 3 ടീസ്പൂൺ
വേവിച്ച അരി - അരക്കപ്പ്
ഉണ്ടാക്കുന്ന വിധം
പച്ചരി നാലു മണിക്കൂറെങ്കിലും വെളളത്തിൽ കുതിർത്തത് കഴുകി വെളളം വാർത്തതിനു ശേഷം ചിരകിയ തേങ്ങയും വേവിച്ച അരിയും കൂടി ചേർത്ത് അരച്ചെടുക്കുക. തിളച്ച വെളളത്തിൽ പഞ്ചസാരയും ഉപ്പും യീസ്റ്റും ചേർത്തിളക്കി തണുക്കാൻ വെക്കുക. അര മണിക്കൂറിനു ശേഷം ഇത് മാവിലേക്ക് ചേർത്തു കൊടുക്കാം. ചേരുവകളെല്ലാം ചേർത്ത് നന്നായിളക്കിയ ശേഷം മാവ് എട്ടുമണിക്കൂർ പുളിക്കാനായി വെയ്ക്കണം. അതിനുശേഷം ചൂടാക്കിയ അപ്പച്ചട്ടിയിൽ കോരിയൊഴിച്ച് അപ്പം ചുട്ടെടുക്കാം. അപ്പം ചെറുചൂടോടെ കഴിക്കാനാണ് സ്വാദ് കൂടുതൽ. ഇനി നമുക്ക് ചിക്കൻ സ്റ്റൂ ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം.
ചിക്കൻ സ്റ്റൂവിനു വേണ്ട സാധനങ്ങൾ
ചിക്കൻ കഷണങ്ങളാക്കിയത് - അരക്കിലോ
ഉരുളക്കിഴങ്ങ് - 1
സവാള - 2
കാരറ്റ് - 1 വലുത്
പച്ചമുളക് - അഞ്ചെണ്ണം
വെളുത്തുളളി - 8 അല്ലി
ഇഞ്ചി - ഒരു കഷണം
കറുവാപട്ട - 2 കഷണം
ഗ്രാമ്പു - 4 എണ്ണം
ഏലയ്ക്ക -3 എണ്ണം
വഴനയില - 1
കറിവേപ്പില
മല്ലിയില
വെളിച്ചെണ്ണ - 3 ടീസ്പൂൺ
തേങ്ങാപ്പാൽ - 1 കപ്പ്
കുരുമുളക് പൊടിച്ചത് - അര ടീസ്പൂൺ
ഉണ്ടാക്കുന്ന വിധം
ചിക്കനും സവാളയും കാരറ്റും ചതുരക്കഷണങ്ങളായി മുറിക്കുക. ഒരു പ്രഷർ കുക്കറിൽ 2 ടീസ്പൂൺ വെളിച്ചെണ്ണ ചൂടാക്കിയ ശേഷം അതിലേക്ക് കറുവാപട്ടയും ഗ്രാമ്പൂവും ഏലയ്ക്കയും ഇടുക. ഇതിലേക്ക് ഇഞ്ചി-വെളുത്തുളളി എന്നിവയും കഷണങ്ങളാക്കിയ സവാളയും കാരറ്റും ഉരുളക്കിഴങ്ങും പച്ചമുളകും ചേർത്ത് ചെറുതായി ഇളക്കുക. ഇനി ചിക്കൻ കഷണങ്ങൾ ചേർക്കാം. വഴനയിലയും അരക്കപ്പ് വെളളവും ചേർത്ത് അടച്ചുവെച്ച് മൂന്നുമിനിട്ട് വേവിക്കണം. അതിനുശേഷം തുറന്ന് കുക്കറിലെ സാധനങ്ങൾ ഒരു സോസ്പാനിലേക്ക് മാറ്റുക. ഇതിലേക്ക് ഉപ്പ്, ചതച്ച കുരുമുളക്, കറിവേപ്പില, മല്ലിയില എന്നിവ ചേർത്ത് നന്നായിളക്കുക. തേങ്ങാപ്പാലും ബാക്കിയുളള വെളിച്ചെണ്ണയും ചേർത്ത് രണ്ട് മിനിറ്റ് കൂടി വേവിക്കുക. കറിവേപ്പില കൊണ്ട് അലങ്കരിക്കാം. ചിക്കൻ സ്റ്റൂ തയ്യാറായിക്കഴിഞ്ഞു.