രുചികളിലെ വൈവിദ്ധ്യമാണ് കേരളീയ ഭക്ഷണത്തിന്റെ പ്രത്യേകത. ഒരു വിഭവം തന്നെ പല പ്രാദേശികരുചികളിൽ ലഭ്യമാണ്. അത്തരത്തിലൊന്നാണ് അപ്പം. കേരളത്തിലെ പ്രധാന പ്രാതലുകളിലൊന്നാണ് അപ്പമെങ്കിലും നാടുമാറുന്തോറും അപ്പത്തിന്റെ രൂപവും ഭാവവും മാറും. ഇവിടെ കൊടുത്തിട്ടുളളത് മലബാറി അപ്പം ഉണ്ടാക്കുന്ന വിധമാണ്.
ആവശ്യമുളള സാധനങ്ങൾ
പച്ചരി - 2 കപ്പ്
ചിരകിയ തേങ്ങ - 1 കപ്പ്
വേവിച്ച അരി - 2 ടീസ്പൂൺ
പഞ്ചസാര - 2 ടേബിൾ സ്പൂൺ
യീസ്റ്റ് - ഒരു നുളള്
ഉപ്പ് - ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
പച്ചരി ആറുമണിക്കൂർ വെളളത്തിൽ കുതിർത്ത ശേഷം കഴുകി വെളളം വാർത്തെടുക്കുക. ഇതിലേക്ക് ചിരകിയ തേങ്ങയും വേവിച്ച അരിയും ചേർത്ത് അരയ്ക്കണം. അരച്ചെടുത്ത മാവിൽ പഞ്ചസാരയും യീസ്റ്റും കലക്കിയത് ചേർത്ത് ഒരു രാത്രി വെയ്ക്കണം. അപ്പമുണ്ടാക്കുന്നതിനു തൊട്ടു മുമ്പായി ആവശ്യത്തിന് ഉപ്പു ചേർത്ത് നന്നായിളക്കണം.
അപ്പച്ചട്ടി ചൂടാവുമ്പോൾ കലക്കിയ മാവ് അൽപമൊഴിച്ച് ചട്ടി വട്ടത്തിൽ ചുറ്റിക്കണം. ശേഷം മൂടിവെയ്ക്കാം. ഒരു മിനിറ്റ് കഴിയുമ്പോൾ മൂടി മാറ്റി വെന്ത അപ്പം മറ്റൊരു പാത്രത്തിലേക്കു മാറ്റാം. ഏതു കറിയ്ക്കൊപ്പവും കഴിക്കാവുന്ന സ്വാദിഷ്ടമായ അപ്പം തയാർ.
കടപ്പാട്
ശ്രീമതി രാജി ബിജു
ഒലിവ്സ് ഹോംസ്റ്റേ, വയനാട്
www.oliveshomestay.com