കേരളത്തിലെ പ്രഭാത ഭക്ഷണങ്ങളിൽ ഒഴിവാക്കാനാവാത്ത വിഭവമാണ് അപ്പം. ഏതു കറിയ്ക്കൊപ്പവും ചേർന്നു പോകുമെന്നതിനാൽത്തന്നെ അപ്പം പ്രിയപ്പെട്ടതാകുന്നു. കടൽവിഭവങ്ങൾക്കും പേരുകേട്ട ഇടമാണ് കേരളം. അപ്പത്തിനൊപ്പം ഞണ്ടുകറി ഒന്നു പരീക്ഷിച്ചു നോക്കിയാലോ? അപ്പവും ഞണ്ടുകറിയും ഉണ്ടാക്കാനുളള പാചകക്കുറിപ്പ് ഇതാ.
അപ്പത്തിനുളള സാധനങ്ങൾ
അരിപ്പൊടി - 1കിലോ
യീസ്റ്റ് - 5ഗ്രാം
തേങ്ങാപ്പാൽ - അര ലിറ്റർ
ഉപ്പും പഞ്ചസാരയും അവശ്യത്തിന്
കപ്പി - 100 ഗ്രാം
വെളളം മാവിന്റെ പാകത്തിന്
ഉണ്ടാക്കുന്ന വിധം
അരിപ്പൊടി ചൂടുവെളളമൊഴിച്ച് തിളപ്പിച്ച് കുറുക്കിയെടുക്കുന്നതാണ് മാവിൽ ചേർക്കുന്ന കപ്പി.
അരിപ്പൊടിയും വെളളവും യീസ്റ്റും കപ്പിയും നന്നായി കുഴച്ച് വെയ്ക്കണം. മാവ് കട്ടിയായിരിക്കണം. ഇതിനെ 6 മണിക്കൂർ പുളിയ്ക്കാനായി വെയ്ക്കണം. അതിനുശേഷം ഈ കൂട്ടിലേക്ക് പഞ്ചസാരയും ഉപ്പും തേങ്ങാപ്പാലും ചേർത്ത് മാവ് കോരിയൊഴിക്കാനുളള പാകത്തിൽ കലക്കിയെടുക്കണം. പരമ്പരാഗത അപ്പച്ചട്ടിയിൽ ഉണ്ടാക്കിയാൽ രുചി കൂടും.
ഞണ്ടുകറി ആവശ്യമുളള സാധനങ്ങൾ
ഞണ്ട് വൃത്തിയാക്കിയത് - അര കിലോ
സവാള - 200 ഗ്രാം
ഇഞ്ചി - 25 ഗ്രാം
പച്ചമുളക് - 4 എണ്ണം
വെളുത്തുളളി - 25 ഗ്രാം
കറി വേപ്പില - ആവശ്യത്തിന്
തക്കാളി - 100 ഗ്രാം
തേങ്ങ പിഴിഞ്ഞ രണ്ടാം പാൽ - ഒന്നര ഗ്ലാസ്
ഗരം മസാല - ഒരു നുളള്
മഞ്ഞൾപ്പൊടി - 1 ടീസ്പൂൺ
മല്ലിപ്പൊടി - 25 ഗ്രാം
മുളകുപൊടി - 30 ഗ്രാം
ഉപ്പ് - ആവശ്യത്തിന്
വെളിച്ചെണ്ണ - 100ഗ്രാം
ഉണ്ടാക്കുന്ന വിധം
ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കുക. ഉളളി അരിഞ്ഞതും വെളുത്തുളളിയും ഇഞ്ചിയും കറിവേപ്പിലയും പച്ചമുളകും ചേർത്തു തവിട്ട് നിറമാകുന്നതുവരെ വഴറ്റുക. എല്ലാ മസാലപ്പൊടികളും ചെറുതായി അരിഞ്ഞ തക്കാളിയും ചേർക്കുക. ഇതിലേക്ക് കഷണങ്ങളാക്കിയ ഞണ്ട് ചേർത്ത് കുറച്ച് വെളളമൊഴിച്ച് വേവിക്കുക. വെന്തു കഴിയുമ്പോൾ തേങ്ങാപ്പാലൊഴിച്ച് അരിഞ്ഞ തക്കാളി ചേർത്ത് അലങ്കരിക്കാം.
കടപ്പാട് : യുവറാണി റെസിഡൻസി, എംജി റോഡ്, എറണാകുളം