മറ്റേതു പ്രാതലിനോടും ഒറ്റയ്ക്കു പോരാടി വിജയിക്കാൻ പോന്നത്ര സ്വാദുളള വിഭവമാണ് ഇടിയപ്പവും മുട്ട റോസ്റ്റും. ആവിയിൽ വെന്ത നേർത്ത അരിനൂലൂകൾ നിറഞ്ഞ ഇടിയപ്പവും നാടൻ മുട്ട റോസ്റ്റും പകരം വെയ്ക്കാനില്ലാത്ത പ്രഭാതഭക്ഷണമാണ്. ഇവ എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം.
ഇടിയപ്പം ഉണ്ടാക്കാനവശ്യമായത്
അരിപ്പൊടി - 2 കപ്പ്
ഉപ്പ് - പാകത്തിന്
തേങ്ങ ചിരകിയത് - 1 കപ്പ്
എണ്ണ
ഉണ്ടാക്കുന്ന വിധം
ഒരു പാത്രത്തിൽ വെളളമെടുത്ത് തിളപ്പിക്കുക. ഇതിലേക്ക് പാകത്തിന് ഉപ്പും എണ്ണയും ചേർക്കുക. ഈ വെളളം അരിപ്പൊടിയിലേക്ക് ഒഴിച്ച് മാവ് മൃദുവാകുന്നതുവരെ കട്ടയില്ലാതെ കുഴക്കണം. ഈ മാവ് സേവനാഴിയിൽ നിറച്ച് ഇടിയപ്പം ചുറ്റിയെടുക്കാം. ഇടിയപ്പ തട്ടിൽ മാവ് പകുതി ചുറ്റിയ ശേഷം അല്പം ചിരകിയ തേങ്ങ തൂവി അതിനു മുകളിൽ വീണ്ടും മാവ് ചുറ്റണം. ഇങ്ങനെ തട്ട് നിറച്ച ശേഷം ആവിയിൽ അഞ്ചുമിനിറ്റ് വേവിച്ചെടുക്കാം. ഇടിയപ്പം തയ്യാറായി കഴിഞ്ഞു.
മുട്ട റോസ്റ്റിനാവശ്യമായ സാധനങ്ങൾ
പുഴുങ്ങി തൊലി കളഞ്ഞ മുട്ട - 4
സവാള അരിഞ്ഞത് - 2 കപ്പ്
പച്ചമുളക് നീളത്തിൽ അരിഞ്ഞത് - 5
തക്കാളി അരിഞ്ഞത് - 2
മുളകുപൊടി - 1 ടീസ്പൂൺ
മല്ലിപ്പൊടി - 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി - അര ടീസ്പൂൺ
ഗരം മസാല - 1 ടീസ്പൂൺ
ഇഞ്ചി - വെളുത്തുളളി പേസ്റ്റ് - 1 ടീസ്പൂൺ
കറിവേപ്പില
മല്ലിയില
ഉപ്പ്
എണ്ണ
കടുക്
തയ്യാറാക്കുന്ന വിധം
എണ്ണ ചൂടാക്കി കടുക് വറുക്കുക. ഇതിലേക്ക് കറിവേപ്പിലയും ഇഞ്ചി - വെളുത്തുളളി പേസ്റ്റും ചേർത്ത് ഇളക്കണം. ഇനി ഉളളി അരിഞ്ഞത് ചേർത്ത് ഇളം ബ്രൗൺ നിറമാകുന്നതുവരെ വഴറ്റണം. പച്ചമുളക് ചേർക്കുക. മസാലപ്പൊടികൾ എല്ലാം ചേർത്ത് നന്നായി ഇളക്കുക. കുറച്ച് വെളളം ചേർത്ത് ഒന്നുകൂടി ഇളക്കിയ ശേഷം അരിഞ്ഞ തക്കാളി ചേർക്കുക. ആവശ്യത്തിന് ഉപ്പു കൂടി ചേർത്ത് മൂന്ന് മിനിറ്റ് വേവിക്കണം. ഇതിലേക്ക് പുഴുങ്ങിയ മുട്ട ചേർത്ത് അവശ്യമെങ്കിൽ അല്പം കൂടി വെളളവും ചേർത്ത് വീണ്ടും മൂന്ന് മിനിറ്റ് വേവിക്കുക. അരിഞ്ഞുവെച്ച മല്ലിയില കൂടി ചേർത്താൽ സ്വാദിഷ്ടമായ മുട്ട റോസ്റ്റ് തയാർ.