കേരളത്തിലെ മത്സ്യ വിഭവങ്ങളിൽ പ്രധാനിയാണ് കരിമീൻ. അതിഥികളുടെ ഇഷ്ടവിഭവമായ കരിമീൻ കൊണ്ടുണ്ടാക്കുന്ന ഒരിനത്തിന്റെ പാചകക്കുറിപ്പിതാ.
ആവശ്യമായ സാധനങ്ങൾ
കരിമീൻ - അരക്കിലോ
ചെറിയുളളി - 2 കപ്പ്
ഇഞ്ചി- 1 ടേബിൾസ്പൂൺ
വെളുത്തുളളി - 3 വലുത്
പച്ചമുളക് - 4,5
വറ്റൽമുളക് ചതച്ചത്- 1 ടീസ്പൂൺ
കുടംപുളി - 3
മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ
തേങ്ങാപ്പാൽ - ഒന്നാം പാൽ കാൽകപ്പ്, രണ്ടാം പാൽ 1 കപ്പ്
കറിവേപ്പില - 2 തണ്ട്
വെളിച്ചെണ്ണ, ഉപ്പ് ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
കുടംപുളി കാൽകപ്പ് വെളളത്തിൽ കുതിർക്കാൻ വെയ്ക്കണം. വെളുത്തുളളി, ഇഞ്ചി, ചെറിയുളളി, പച്ചമുളക് എന്നിവ ചതച്ച് മാറ്റിവെയ്ക്കുക. ഒരു മൺചട്ടിയിൽ എണ്ണ ചൂടാക്കി പകുതി കറിവേപ്പിലയും ചതച്ച ചേരുവകളും വറ്റൽമുളകും ചേർത്ത് മൂന്ന് മിനിറ്റ് വഴറ്റിയെടുക്കണം. ഉളളി തവിട്ട് നിറമാകേണ്ടതില്ല. ഇതിലേക്ക് മഞ്ഞൾപ്പൊടി കൂടിയിട്ട് നന്നായി ഇളക്കണം. ഇതിലേക്ക് കുടംപുളി വെളളത്തോടെ ഒഴിച്ച് തിളപ്പിക്കണം. മീൻ കഷണങ്ങളിട്ട ശേഷം രണ്ടാം പാലൊഴിച്ച് മൂടി വെച്ച് വേവിക്കുക. വെന്തു കഴിയുമ്പോൾ ഒന്നാം പാലൊഴിച്ച് തീയണക്കാം. ബാക്കിയുളള കറിവേപ്പില കൂടിയിട്ട് വെളിച്ചെണ്ണ ഒഴിച്ച് അരമണിക്കൂർ മൂടിവെയ്ക്കുക. അതിനു ശേഷം ഉപയോഗിക്കാം.