സസ്യേതര സദ്യയ്ക്ക് തുടക്കമിടുന്നത് സൂപ്പ് കൊണ്ടാണല്ലോ. ആട്ടിൻസൂപ്പിനോളം പോഷകസമൃദ്ധമായ മറ്റൊരു സൂപ്പില്ല. അതിൽ നമ്മുടെ മസാലകളുടെ ചേരുവ കൂടിയാകുമ്പോൾ രുചിയും കേമമായി. കേരളീയരീതിയിൽ എങ്ങനെയാണ് ആട്ടിൻ സൂപ്പുണ്ടാക്കുന്നതെന്ന് നോക്കാം.
ആവശ്യമായ സാധനങ്ങൾ
മട്ടൻ സ്റ്റോക്ക് - അര ലിറ്റർ
വേവിച്ച ഉരുളക്കിഴങ്ങ് - 75 ഗ്രാം
ചെറിയുളളി - 10
ഇഞ്ചി - 10 ഗ്രാം
കറിവേപ്പില - 2 തണ്ട്
മുളകുപൊടി - 1 ടീസ്പൂൺ
മല്ലിപ്പൊടി - 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി - 1 ടീസ്പൂൺ
ഗരം മസാല - അര ടീസ്പൂൺ
ചതച്ച മട്ടൻ - 50 ഗ്രാം
വെളിച്ചെണ്ണ - 15മില്ലി
നെയ്യ് - 15 മില്ലി
തയ്യാറാക്കുന്ന വിധം
ഒരു സോസ്പാനിൽ പകുതി വെളിച്ചെണ്ണയും പകുതി നെയ്യും ചേർത്ത് ചൂടാക്കുക. ഇതിലേക്ക് ചെറിയുളളി, ഇഞ്ചി, വെളുത്തുളളി, കറിവേപ്പില എന്നിവ ചേർത്ത് തവിട്ടുനിറമാകുന്നതുവരെ വറുക്കണം. ശേഷിക്കുന്ന മസാലപ്പൊടികൾ ചേർത്ത് ഒരു മിനിറ്റ് ഇളക്കുക. ഇനി ചതച്ച മട്ടൻ കഷണങ്ങളും മട്ടൻ സ്റ്റോക്കും ചേർക്കാം. വേവിച്ച് ഉടച്ച ഉരുളക്കിഴങ്ങ് കൂടി ചേർത്തിളക്കി കറിവേപ്പിലയോ മല്ലിയിലയോ കൊണ്ട് അലങ്കരിച്ച് വിളമ്പാം.
കടപ്പാട്: ദ സൂര്യ, എറണാകുളം.