ഭക്ഷ്യപ്രേമികളെ അടിമകളാക്കിയ മലബാറില്‍ നിന്നുള്ള വിശിഷ്ടവിഭവമാണ് കോഴി ബിരിയാണി. പേരു പോലെ തന്നെ സസ്യേതര വിഭവം.
ചേരുവകള്‍
ബസ്മതി അരി - 1 കിലോ
കോഴി - 1
ബിരിയാണി മസാല ചേരുവകള്‍ (പച്ചമുളക്, കറുവാപ്പട്ട, ഇലവര്‍ങ്ഗം, ജീരകം, ഏലം, കുരുമുളക്) - 4 ടേബ്ള്‍ സ്പൂണ്‍
പച്ചമുളക് - 10
ഇഞ്ചി, വെളുത്തുള്ളി അരച്ചത് - 2 ടേബ്ള്‍ സ്പൂണ്‍
മല്ലി ഇല - 50 ഗ്രാം
പുതിന ഇല - 25 ഗ്രാം
തൈര് - 150 മില്ലി
തക്കാളി - 150 ഗ്രാം
സവാള - 1 കിലോ
കരിംജീരകം - 1 ടേബ്ള്‍ സ്പൂണ്‍
കറുവാപ്പട്ട കഷ്ണം - 2 എണ്ണം
എടനയില - 2 എണ്ണം
കശുവണ്ടി, കിസ്മിസ് - 50 ഗ്രാം
ഏലം - 5
നെയ്യ് - 200 ഗ്രാം
മല്ലിപ്പൊടി - 2 ടേബ്ള്‍ സ്പൂണ്‍
പാല്‍ - 500 മില്ലി
കുങ്കുമ പൂവ് - ഒരുനുള്ള്
വെള്ളം (അരിവേവിക്കാന്‍) - ഒരു ലിറ്റര്‍
പാചകം ചെയ്യുന്ന വിധം
ഒരു പരന്ന പാത്രത്തില്‍ നെയ്യ് ഒഴിച്ച് ചൂടാക്കി സവാള ഇട്ട് തവിട്ടു നിറം ആകും വരെ വഴറ്റുക. കഷ്ണങ്ങളാക്കിയ തക്കാളി ചേര്‍ത്ത് ഇളക്കുക. ചൂടായി വരുമ്പോള്‍ ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി അരച്ചതും, തൈരും, ബിരിയാണി മസാലയും, മഞ്ഞള്‍പ്പൊടിയും ചേര്‍ക്കുക. ചെറുതായി മുറിച്ച കോഴി കഷ്ണങ്ങള്‍ ചേര്‍ത്ത് നന്നായി വേവിക്കുക. അരി വെള്ളത്തിലിട്ട് 10 മിനിറ്റ് കുതിര്‍ക്കുക, വെള്ളം വാര്‍ത്തു കളയുക. മറ്റൊരു പാത്രത്തില്‍ വീണ്ടും നെയ്യ് ചേര്‍ത്ത് നേരത്തേ തന്ന പട്ടികയിലെ സുഗന്ധ വ്യഞ്ജനങ്ങളും, കഷ്ണങ്ങളാക്കിയ സവാളയും, എടനയില, മല്ലിയില, കശുവണ്ടി, കിസ്മിസ്, പുതിന ഇല എന്നിവ ചേര്‍ത്ത് തവിട്ടു നിറമാകുന്നതു വരെ വഴറ്റുക. പാലും വെള്ളവും ഇതില്‍ ഒഴിക്കുക. ഈ കൂട്ട് തിളച്ചു കഴിയുമ്പോള്‍ വാര്‍ത്തു വച്ചിരിക്കുന്ന അരി ഇടുക. തീ കുറച്ച് അടച്ചു വച്ച് 15 മിനിറ്റ് വേവിക്കുക. അരി പാകത്തിനു വെന്തു കഴിഞ്ഞാല്‍ പകുതി മറ്റൊരു പാത്രത്തിലേക്കു മാറ്റുക. നേരത്തേ വേവിച്ച കോഴി, മസാലയോടൊപ്പം ആദ്യത്തെ സോസ് പാനില്‍ പകുതിയോളമുള്ള വെന്ത അരിക്കു മുകളിലേക്കു പകര്‍ത്തുക. കോഴി കഷ്ണങ്ങളും മസാലയും നിരത്തി മാറ്റി വച്ച വേവിച്ച അരി ഇതിനു മുകളിലേക്ക് ഇടുക. കുറച്ചു നെയ്യ്, വഴറ്റിയ സവാള, കശുവണ്ടി, കിസ്മിസ് എന്നിവ ഇതിനു മുകളില്‍ നിരത്തുക. നന്നായി അടച്ചു വെക്കുക. രുചികരമായ മലബാര്‍ ബിരിയാണി റെഡിയായി.
കടപ്പാട് : യുവറാണി റെസിഡന്‍സി, കൊച്ചി.