സുഗന്ധവ്യഞ്ജന പ്രേമികളായാണ് വടക്കൻ മലബാറുകാർ അറിയപ്പെടുന്നതു തന്നെ. മസാലയോടുളള ആ മുഹബത്ത് മലബാറി ബിരിയാണിയിലും കാണാം. മസാലയിൽ വെന്ത ആട്ടിറച്ചിയുടെയും ബസുമതി അരിയുടെയും ഗംഭീരകൂട്ടുകെട്ടായ മലബാറി മട്ടണ്‍ ബിരിയാണിയുടെ രുചിക്കൂട്ട് വിശദമായി പരിചയപ്പെടാം.
ആവശ്യമായ സാധനങ്ങൾ
ആട്ടിറച്ചി - 1 കിലോ
ബസ്മതി അരി - 1 കിലോ
സവാള - അരക്കിലോ
ഇഞ്ചി -വെളുത്തുളളി - 100 ഗ്രാം
പച്ചമുളക് - 100 ഗ്രാം
മഞ്ഞൾപ്പൊടി - 1 ടീസ്പൂൺ
മല്ലിപ്പൊടി -3 ടീസ്പൂൺ
മുളകുപൊടി - അര ടീസ്പൂൺ
തക്കാളി - 300 ഗ്രാം
കസ്കസ് - 2 ടീസ്പൂൺ
തേങ്ങ ചിരകിയത് - അര കപ്പ്
മല്ലിയില, പുതിനയില ഒരു ചെറിയ പിടി
തൈര് ആവശ്യത്തിന്
നാരങ്ങനീര് - 4 ടേബിൾസ്പൂൺ
നെയ്യ് - 200 ഗ്രാം
വെളിച്ചെണ്ണ - ആവശ്യത്തിന്
അണ്ടിപ്പരിപ്പ് - 50 ഗ്രാം
മുന്തിരി - 50 ഗ്രാം
ഗരം മസാലപ്പൊടി - 2 ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
ആട്ടിറച്ചി കഴുകി വലിയ കഷണങ്ങളാക്കി മുറിച്ചു വെക്കുക. പച്ചമുളകും ഇഞ്ചിയും വെളുത്തുളളിയും അരച്ചുവെയ്ക്കുക. തേങ്ങയും കസ്കസും അരയ്ക്കുക. മല്ലിയിലയും പുതിനയിലയും അരിയുക.
പ്രഷർ കുക്കറിൽ എണ്ണ ചൂടാക്കി അരിഞ്ഞ സവാളയുടെ മുക്കാൽ പങ്കും വഴറ്റുക. ഇതിലേക്ക് അരച്ചുവെച്ച പച്ചമുളക് ഇഞ്ചി മിശ്രിതം ചേർക്കണം. അതിനുശേഷം മസാലപ്പൊടികൾ എല്ലാം ഇട്ട് നന്നായി വഴറ്റുക. ഇനി തക്കാളി അരിഞ്ഞത് ചേർക്കാം. ഒടുവിലായി ഇറച്ചി കഷണങ്ങൾ ചേർത്തിളക്കിയ ശേഷം തൈരും ആവശ്യത്തിന് ഉപ്പും ചേർത്ത് 15 -20 മിനിറ്റ് ചെറുതീയിൽ വേവിക്കുക.
വെന്തുകഴിയുമ്പോൾ തേങ്ങ അരച്ചതു ചേർത്ത് കുറച്ചുസമയം കൂടി ഇളക്കി ഇറക്കി വെയ്ക്കാം. നെയ്യിൽ അരി ഒന്ന് വറുത്ത ശേഷം ഉപ്പ് ചേർത്ത് അരി വേവിച്ച് ഇറക്കി വെയ്ക്കുക. നേരത്തെ മാറ്റി വെച്ച സവാളയും അണ്ടിപ്പരിപ്പും മുന്തിരിയും നെയ്യിൽ വറുത്തെടുക്കണം.
ഇനി ഒരു പരന്ന പാത്രത്തിൽ വേവിച്ച അരി നിരത്തുക. മല്ലി, പുതിന ഇല അരിഞ്ഞതും വറുത്ത ഉളളിയും അണ്ടിപ്പരിപ്പും മുന്തിരിയും വിതറുക. നാരങ്ങനീര് തളിച്ചു കൊടുക്കുക. ഇതിനുമുകളിലായി ഒരു അടുക്കായി മസാല നിരത്തുക. ഇങ്ങനെ ചോറും മസാലയും ഒന്നിനു മീതെ ഒന്നായി നിരത്തുക. പാത്രം കട്ടിയുളള മൂടി കൊണ്ട് അടച്ച് മുകളിൽ കനൽ നിരത്തി 10 മിനിറ്റ് വെച്ച ശേഷം തുറന്നു വിളമ്പാം.