ആവശ്യമായ സാധനങ്ങൾ
മട്ടണ്‍ - 250 ഗ്രാം
സവാള - 200 ഗ്രാം
ഇഞ്ചി വെളുത്തുളളി - 30 ഗ്രാം
ഗരംമസാല പൊടി - 5 ഗ്രാം
ഗരംമസാല പൊടിക്കാത്തത് - 10 ഗ്രാം
മുളകുപൊടി - 1 ടീസ്പൂൺ
മല്ലിപ്പൊടി - 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി - അര ടീസ്പൂൺ
പച്ചമുളക് - 4
മല്ലിയില, പുതിനയില - 30 ഗ്രാം
പൈനാപ്പിൾ - 15 ഗ്രാം
നെയ്യ് - 50 ഗ്രാം
വെളിച്ചെണ്ണ - 200 ഗ്രാം
റോസ് വാട്ടർ - അര ടീസ്പൂൺ
കുങ്കുമപ്പൂവ് - ഒരു നുളള്
അണ്ടിപ്പരിപ്പ് അരച്ചത് - 50 ഗ്രാം
തക്കാളി - 75 ഗ്രാം
നാരങ്ങ - 1
ഉപ്പ് -
ബസ്മതി അരി - 250 ഗ്രാം
ഉണ്ടാക്കുന്ന വിധം
എണ്ണ ചൂടാക്കി അരിഞ്ഞുവെച്ചതിന്റെ പകുതി സവാള തവിട്ട് നിറത്തില്‍ വറുത്തെടുത്ത് മാറ്റിവെയ്ക്കുക. അതേ പാത്രത്തിൽ നെയ്യൊഴിച്ച് ബാക്കിയുളള സവാള വഴറ്റുക. ഇഞ്ചി-വെളുത്തുളളിയും മസാലപ്പൊടികളും ചേർത്തു വഴറ്റണം. ഒടുവിലായി തക്കാളിയും പൈനാപ്പിളും അരിഞ്ഞത് ചേർക്കുക. ഇതിലേക്ക് അണ്ടിപ്പരിപ്പ് അരച്ചതിട്ട് അല്പനേരം ഇളക്കണം. ഇനി കഴുകി മുറിച്ചു വെച്ചിരിക്കുന്ന മട്ടണ്‍ കഷണങ്ങളും പാകത്തിന് ഉപ്പും ചേർക്കാം. ആവശ്യത്തിനു വെളളമൊഴിച്ച് നല്ലപോലെ വേവിക്കുക.
ഒരു പാത്രത്തിൽ അരിയുടെ അളവിന്റെ ഇരട്ടി വെളളമെടുത്ത് അരിയും മുഴുവൻ ഗരം മസാലയും നാരങ്ങനീരും അല്പം നെയ്യും പാകത്തിന് ഉപ്പും ചേർത്ത് അരി പാതിവേവിൽ എടുക്കുക. കൂടുതലുളള വെളളം ഊറ്റിക്കളയണം. ചുവടു കട്ടിയുളള പാനിൽ ആദ്യം മട്ടണ്‍ മസാല നിരത്തുക. അതിനു മുകളിൽ വറുത്തു വെച്ച ഉളളിയും മല്ലിയിലയും പുതിനയിലയും വിതറുക. മീതെ അരി നിരത്തുക. റോസ് വാട്ടറും കുങ്കുമപ്പൂവും ചേർക്കുക. വീണ്ടും ബാക്കിയുളള ഉളളിയും മല്ലി, പുതിന ഇലകളും വിതറി പാത്രം മൂടിയ ശേഷം പാത്രം ഒരു തവയിലോ അല്ലെങ്കിൽ ഓവനിലോ വെച്ച് വേവിക്കുക. അണ്ടിപ്പരിപ്പു വിതറി അലങ്കരിച്ച ശേഷം റൈത്ത, അച്ചാർ, പപ്പടം എന്നിവയ്ക്കൊപ്പം വിളമ്പാം.
കടപ്പാട്
അബാദ് പ്ലാസ, കൊച്ചി