നാവിൽ അലിഞ്ഞിറങ്ങുന്ന സ്വർഗത്തിന്റെ തുണ്ട് എന്നു വേണമെങ്കിൽ ഇളനീർ പുഡ്ഡിങ്ങിനെ വിശേഷിപ്പിക്കാം.
ആവശ്യമായ സാധനങ്ങൾ
ഇളനീർ കഴമ്പ് - 2 കപ്പ്
കരിക്കുവെളളം - 2 കപ്പ്
ചൈന ഗ്രാസ് - 10 ഗ്രാം
മിൽക്ക് മെയ്ഡ് - 1 ടിൻ
പാൽ - ഒന്നര കപ്പ്
വെളളം - അര കപ്പ്
പഞ്ചസാര - 4 ടേബിൾ സ്പൂൺ
തേങ്ങ ചിരകിയത് - അര കപ്പ്
ചെറി - അര കപ്പ്
ഉണ്ടാക്കുന്ന വിധം
കരിക്കിൻവെളളവും കഴമ്പും ഒന്നിച്ച് മിക്സിയിൽ ചെറുതായി അടിച്ച് യോജിപ്പിച്ച് വെക്കുക. പാലും മിൽക്ക്മെയ്‍ഡും പഞ്ചസാരയും യോജിപ്പിച്ച് തിളപ്പിച്ച് മാറ്റി വെയ്ക്കുക. അര ഗ്ലാസ് വെളളത്തിൽ ചൈന ഗ്രാസ് കുതിർത്ത് പതിനഞ്ച് മിനിറ്റ് വെച്ചശേഷം രണ്ടുതവണ തിളപ്പിച്ച് ഗ്രാസ് പൂർണമായും ലയിപ്പിക്കുക. ഈ മിശ്രിതം മിൽക്ക് മെയ്ഡ് കൂട്ടിൽ യോജിപ്പിക്കുക. ചൂടോടെ വേണം ഇവ രണ്ടും യോജിപ്പിക്കാൻ. ഇനി ഈ കൂട്ട് തണുക്കാൻ വെക്കാം. തണുത്ത ശേഷം കരിക്ക് കൂട്ടുമായി ചേർത്ത് നന്നായി യോജിപ്പിക്കണം. 20 മിനിറ്റ് ഇത് മാറ്റി വെക്കാം.
ഒരു തവ ചൂടാക്കി ചിരകിയ തേങ്ങയും 2 ടേബിൾസ്പൂൺ പഞ്ചസാരയും ചെറുതീയിൽ തവിട്ട് നിറമാകുന്നതുവരെ ഇളക്കുക. തണുക്കാൻ വെച്ച പുഡ്ഡിങ്ങ് മിശ്രിതം ആകൃതിയുളള ഒരു പാത്രത്തിലേക്കൊഴിച്ച് തേങ്ങ വറുത്തതും ചെറിയും ഉപയോഗിച്ച് അലങ്കരിക്കാം. ഇനി 3 മണിക്കൂർ ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ സ്വാദിഷ്ടമായ ഇളനീർ പുഡ്ഡിങ്ങ് തയ്യാർ.