മഴയും വെയിലും കണ്ണുപൊത്തിക്കളിക്കുന്ന കാലം. അതാണ് കേരളത്തിന്റെ മഴക്കാലം. മൂന്നു നാലു ദിവസം മഴ തുടര്‍ന്നാലും ഒരു ഇടവേളയായി വെയില്‍ കടന്നു വരും. ഈ വെയില്‍ ദിനങ്ങളും തണുപ്പ് അരിച്ചു കയറുന്ന മഴ ദിനങ്ങളും ചേര്‍ന്നതാണ് കേരളത്തില്‍ കാലവര്‍ഷം.
കേരളത്തിന് പ്രധാനമായും രണ്ടു മഴക്കാലങ്ങളാണുള്ളത്. ജൂണില്‍ ആരംഭിക്കുന്ന തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍, അല്ലെങ്കില്‍ കാലവര്‍ഷം. ഇതിന് ഇടവപ്പാതി എന്നും പേരുണ്ട്. മലയാളം കലണ്ടറിലെ എടവ മാസത്തിന്റെ പകുതിയോടെയാണ് മഴ ശക്തിപ്പെടുക. അതാണീ പേര്.
ഒക്ടോബര്‍ പകുതിയോടെ വടക്കു കിഴക്കന്‍ മണ്‍സൂണിന്റെ കാലമായി - തുലാവര്‍ഷം എന്നിതിനെ വിളിക്കാം. മലയാളം കലണ്ടര്‍ അനുസരിച്ച് തുലാമാസത്തില്‍ ആകും ഈ മഴക്കാലം. എടവപ്പാതിയില്‍ അറബിക്കടലില്‍ നിന്നുള്ള നീരാവി നിറഞ്ഞ കാറ്റാണ് മഴ കൊണ്ടു വരുന്നതെങ്കില്‍ തുലാവര്‍ഷത്തില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് തമിഴ്‌നാട് കടന്നു വരുന്ന കാറ്റാണ് മഴയെത്തിക്കുന്നത്. പൊതുവേ തുലാവര്‍ഷം തെക്കന്‍ ജില്ലകളില്‍ കൂടുതല്‍ ശക്തമാണ്. മണ്ണും പ്രകൃതിയും പുതുജീവൻ നേടുന്ന കാലമാണ് മഴക്കാലം.
മലയാളികള്‍ ഉന്മേഷവും ആരോഗ്യവും വര്‍ദ്ധിപ്പിക്കാനുള്ള ആയുര്‍വ്വേദ ചികിത്സ നടത്തുന്നത് മഴക്കാലത്താണ്. ഇടവപ്പാതിക്കാലമാണ് ആയുര്‍വ്വേദ ചികിത്സാരീതിയായ എണ്ണയിട്ടു തിരുമ്മല്‍, ഉഴിച്ചില്‍ എന്നിവയ്ക്കു ഏറ്റവും യോജിച്ചത്. കാലവര്‍ഷക്കാലത്തെ തണുപ്പും ശുദ്ധമായ പ്രകൃതിയും ചികിത്സയ്ക്ക് ഏറ്റവും യോജിച്ച അന്തരീക്ഷം ഒരുക്കുന്നു.